വൈദികന്‍റെ മരണം: അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍‌

By Web TeamFirst Published Oct 22, 2018, 3:48 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികന്‍റെ മരണം അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് ഔവര്‍  സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.  

 

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികന്‍റെ മരണം അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് ഔവര്‍  സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.  
കന്യാസ്ത്രീക്കും കൂടെ നില്‍ക്കുന്നവര്‍‌ക്കും സംരക്ഷണം വേണമെന്നും കത്തില്‍ പറയുന്നു. കൂടാതെ ബിഷപ്പിനെതിരായ കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്നും എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.  

അതിനിടെ വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു‍. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്  കുര്യാക്കോസ്  കാട്ടുതറയുടെ സഹോദരന്‍ ജോയ് ആരോപിച്ചു. ഫ്രാങ്കോമുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന്  സഹോദരന്‍ ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കുര്യാക്കോസ് കാട്ടുതറയുടെ വാഹനവും വീടും നേരത്തെ ആക്രമിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിഷപ്പായിരുന്നു എന്നും ജോയ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നും ബന്ധുക്കള്‍ പറയുന്നു. ജലന്ധറിലെ പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബത്തിന്‍റെ അനുമതിയില്ല. അന്വേഷണം വേണമെന്നും സഹോദരന്‍ ജോയ് പറഞ്ഞു.

ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

click me!