
വയനാട്: കാലവര്‍ഷം ദുരിതക്കടലാക്കിയ വയനാട്ടില്‍ കര്‍ക്കിടക വാവുബലി അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അപകട സാധ്യത കണക്കിലെടുത്ത് വള്ളിയൂര്‍ക്കാവിലെ ബലിയിടല്‍ കര്‍മങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. അതേ സമയം തിരുനെല്ലി ക്ഷേത്രത്തിലും മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രത്തിലും ബലിയിടല്‍ കര്‍മ്മങ്ങള്‍ പതിവിലും കവിഞ്ഞ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പതിനായിരങ്ങള്‍ ബലിയിടാനെത്തുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കാലവര്‍ഷദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലായിരിക്കും ബലിതര്‍പ്പണം. ദേവസ്വം, പൊലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയും സജ്ജമാണ്. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ബലിയിടല്‍ കര്‍മങ്ങള്‍ തുടങ്ങും.
ബലിതര്‍പ്പണം നടത്തുന്ന പാപനാശിനിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് ക്രമീകരിച്ചിട്ടുണ്ട്. സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സുരക്ഷാനടപടികള്‍. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം ഉള്‍പ്പെടെ 220 പൊലീസുകാരെ ഇന്ന് വെെകുന്നേരം മുതല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൂന്ന് സി.ഐമാരും ഒമ്പത് എസ്.ഐമാരും ടീമിലുണ്ട്. ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
മുഴവന്‍ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പും സജ്ജമാണ്. ആംബുലന്‍സ് സൗകര്യവുമുണ്ട്. തിരുനെല്ലിയിലേയും കാട്ടിക്കുളത്തേയും ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം എത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിളമ്പുന്നതോ പാകം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തവണ ബലിതര്‍പ്പണത്തിന് കൂടുതല്‍ കര്‍മികളെ നിയോഗിച്ചിട്ടുണ്ടെന്ന് ക്ഷേത്ര അധികാരികള്‍ അറിയിച്ചു.
തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ ബലിസാധന കൗണ്ടറുകളും തുറന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് എത്തിയ എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കി. നാളെ പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് അടക്കം ഗതാഗതം ഏറെക്കുറെ സുഗമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും. സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും തിരുനെല്ലിക്ഷേത്രംവരെ കെ.എസ്.ആര്‍.ടി.സി കോണ്‍വേയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട് സര്‍വീസും ഉണ്ടാകും. പകല്‍ ഒരുമണിയോടെയായിരിക്കും ബലിയിടല്‍ ചടങ്ങുകള്‍ അവസാനിക്കുക.
പൊന്‍കുഴി ക്ഷേത്രത്തില്‍ അപകടഭീഷണിയില്ല
ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന മറ്റൊരു ക്ഷേത്രമായ പൊന്‍കുഴി സീതാദേവി ക്ഷേത്രത്തിലും മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം അധികാരികള്‍ അറിയിച്ചു. മുപ്പതിനായിരത്തോളം ആളുകള്‍ ഇവിടെ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന കല്ലൂര്‍പൂഴയില്‍ അപകടകരമായ രീതിയില്‍ വെള്ളമില്ലെന്നത് ആശ്വാസകരമാണ്.
എങ്കിലും ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയ സ്ഥലത്തായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. പുഴയിലേക്കുള്ള പടവുകളില്‍ ആളുകളെ നിയന്ത്രിക്കാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ രണ്ട് മണിയോടെ തന്നെ സജ്ജമാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ വനംവകുപ്പിന്‍റെ കര്‍ശന നിരീക്ഷണം വൈകുന്നേരം ആറുമണിയോടെ തന്നെ ആരംഭിച്ചിരുന്നു. റോഡരികിലെ കാട് ഏറെക്കുറെ വൃത്തിയാക്കിയിട്ടുണ്ട്. പാര്‍ക്കിങും മറ്റും കാര്യങ്ങളും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam