
തിരുവനന്തപുരം: ശബരിമലയിൽ വിലപിടിപ്പുള്ള ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഇതില്‍ പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങൾ വീണ്ടെടുക്കേണ്ടത് സർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണെന്നും ഈ വിഷയത്തെ ഗൗരവമായിക്കണ്ട് അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിശ്വാസത്തെ വിശ്വാസം കൊണ്ടുതന്നെ നേരിടണം. പല കാലങ്ങളായി ശബരിമലയിലെ തിരുവാഭരണങ്ങളിൽ നിന്ന് വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ദേവപ്രശ്നത്തിലൂടെയല്ല ഇത് കണ്ടെത്തേണ്ടത്. ശരിയായ അന്വേഷണത്തിലൂടെയാണ്. സർക്കാർ വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ശബരിമലയുടെ പേരില്‍ ഇപ്പോഴുള്ള വിവാദം തികച്ചും രാഷ്ട്രീയപരമാണ്. രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു. സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ശബരിമലയുടെ യശസ് ഉയരും. മലയരയ മഹാസഭ പറയുന്ന കാര്യങ്ങൾ ശരിയാണെന്നും ശബരിമലയില്‍ അവർക്കുള്ള അവകാശം തിരികെ നൽകണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു.
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആർഎസ്എസിനാണെന്ന് സന്ദീപാനന്ദഗിരി ആവർത്തിച്ചു. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ ആശ്രമം സന്ദർശിച്ച് പിന്തുണ ഉറപ്പുനൽകി. എന്നാല്‍, ആശ്രമം കത്തിച്ച് ഇത്ര ദിവസമായിട്ടും ആശ്വാസവാക്കുമായി ബിജെപിയില്‍ നിന്നോ ആര്‍എസ്എസില്‍ നിന്നോ ആരും വന്നില്ലെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു. 2014 -ൽ തുഞ്ചൻ പറമ്പിൽ വച്ച് ആര്‍എസ്എസുകാർ ആക്രമിച്ചിരുന്നുവെന്നും തുടർന്നും പലതവണ തന്നെ ആക്രമിച്ചുവെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി.
സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. സംഘപരിവാറിന്‍റെ മുമ്പിൽ അടിയറ വയ്ക്കാനുള്ളതല്ല തന്‍റെ കാവിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മുന്നിൽ തോറ്റു കൊടുക്കാൻ താൻ തയ്യാറല്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സന്ദീപാനന്ദഗിരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam