രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സുകാര്‍ക്കായി വിദഗ്ധ പരിശീലനം

By Web DeskFirst Published Oct 19, 2017, 3:47 PM IST
Highlights

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് എങ്ങനെ അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി ഒക്‌ടോബര്‍ 21-ാം തീയതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആക്‌സിഡന്റ് റിസ്‌ക്യു പ്രോജക്ടിന്റെ (Thiruvananthapuram Accident Rescue Project) ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, പോലീസ് വിഭാഗം എന്നിവ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ ഐ.ജി. മനോജ് എബ്രഹാം ഐ.പി.എസ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശില്‍പശാല ഉദ്ഘാടനം ചെയ്യും.

 തിരുവനന്തപുരത്തെ എല്ലാ ആംബുലന്‍സ് ഉടമകള്‍, ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഈ ശില്‍പശാലയില്‍ പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം ജില്ലയിയില്‍ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഐ.എം.എ. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ട്രോമകെയര്‍ സംവിധാനത്തിന്റെ പ്രാരംഭ നടപടി എന്ന നിലയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം ഐ.എം.എ. സമര്‍പ്പിച്ച പൈലറ്റ് പ്രോജക്ട് അധാരമാക്കിയാണ് ട്രോമാകെയര്‍ സംവിധാനം തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നത്.

പ്രശസ്ത ആശുപത്രികളിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. ആംബുലന്‍സ് ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

click me!