
കോഴിക്കോട്: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ധൈര്യമുണ്ടോ എന്ന് ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ചോദിച്ചു. എൻ ഡി എ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ആണ് പരാമർശം. നേരത്തെ എംടി രമേശും പികെ കൃഷ്ണദാസും സമാന ചോദ്യം ഉന്നയിച്ചിരുന്നു. പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി കേരളത്തില്‍ വഴി നടക്കില്ലെന്നാണ് ബിജെപിയുടെ വെല്ലുവിളി.
അതേസമയം യുവമോർച്ച യോഗത്തിലെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഒരു വാക്കുപോലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനെതിരായ ഏത് നീക്കത്തെയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തനിക്കെതിരായ കേസ് റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയതിൽ പാർട്ടികളുള്ളിൽ ഭിന്നതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. മാധ്യമങ്ങൾ തങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നും പാർട്ടിക്കുള്ളിലെ കാര്യം ഞങ്ങൾ നോക്കിക്കൊളാമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
അമേരിക്കയിൽ ചികിത്സക്ക് പോയ മുഖ്യമന്ത്രിക്ക് മറ്റെന്തോ മരുന്ന് കുത്തിവച്ചിട്ടുണ്ടോ എന്നാണ് സംശയം. മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവുകൾ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്ന് ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam