''അവളെ ബഹുമാനിക്കാന്‍ തുടങ്ങൂ''; ഇന്ത്യയിലെ പുരുഷന്മാരോട് രാഹുല്‍ ഗാന്ധി

By Web TeamFirst Published Aug 23, 2018, 12:16 PM IST
Highlights

പാര്‍ലമെന്‍റില്‍ വന്നിരിക്കുമ്പോള്‍ അധികം വനിതകളെ കാണാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ക്ക് അധികാരം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് ശബ്ദം ഉയര്‍ത്താനും കഴിയില്ല

ദില്ലി: രാജ്യത്തെ സ്ത്രീകളോടുള്ള മനസ്ഥിതിയില്‍ ഇന്ത്യയിലെ പുരുഷന്മാര്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുരുഷന്മാര്‍ സ്ത്രീകളും തുല്യരാണെന്നുള്ള കാര്യം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലമാണ് ഇന്ത്യയെന്നുള്ള വാദം തെറ്റാണെന്നും രാഹുല്‍ വ്യക്തമാക്കി.

ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള ബുസീറിയസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ഒട്ടം സുരക്ഷിതമല്ലാത്ത സ്ഥലമല്ല ഇന്ത്യ. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ ഒരുപാട് അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. അതില്‍ ചിലത് പുറത്ത് കാണുന്നുണ്ടെങ്കില്‍ ആരും അറിയാതെ പോകുന്നതാണ് കൂടുതലും.

വീടുകളില്‍ സംഭവിക്കുന്നതാണ് അത്. സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും പുറത്തു പറയില്ല. പുരുഷന്മാര്‍ എങ്ങനെയാണ് സ്ത്രീകളെ കാണുന്നത് എന്നതാണ് പ്രശ്നം. അതില്‍ മാറ്റം വരുത്താന്‍ ഒരുപാട് കഷ്ടപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെപ്പറ്റിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിച്ചു.

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അത് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരാണ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. അതിന് മാറ്റം വരുത്തേണ്ടത് രാജ്യത്തെ പുരുഷന്മാരുടെ ചുമതലയാണ്. രാഷ്ട്രീയ പാര്‍ട്ടികളെയും നോക്കാം... വനിത പങ്കാളിത്തം അവിടെയും കുറവാണ്.

പാര്‍ലമെന്‍റില്‍ വന്നിരിക്കുമ്പോള്‍ അധികം വനിതകളെ കാണാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ക്ക് അധികാരം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് ശബ്ദം ഉയര്‍ത്താനും കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലും ലോക്സഭയിലും രാജ്യസഭയിലുമെല്ലാം വനിത പങ്കാളിത്തം കൂട്ടാനുള്ള ശ്രമത്തിലാണ് താന്‍. സ്ത്രീകളുടെയും പങ്കാളിത്തമില്ലാതെ ഒരു രാജ്യത്തെ വിജയകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. 

click me!