യുഎഇ യുടെ 700 കോടി വാങ്ങുന്നതില്‍ ഒരു തടസവുമില്ല; 'ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍' നിരത്തി ഐസക്

Published : Aug 23, 2018, 11:14 AM ISTUpdated : Sep 10, 2018, 01:25 AM IST
യുഎഇ യുടെ 700 കോടി വാങ്ങുന്നതില്‍ ഒരു തടസവുമില്ല; 'ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍' നിരത്തി ഐസക്

Synopsis

യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഐസക് പറയുന്നു. വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് യുഎഇ പ്രഖ്യാപിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഐസക്ക് ചൂണ്ടികാട്ടുന്നു

തിരുവനന്തപുരം: മഹാപ്രളയത്തില്‍ ആണ്ടുപോയ കേരളം അതിജീവനത്തിന്‍റെ ശ്വാസം പേറുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും കേരളത്തിന് വലിയ തോതിലുള്ള സഹായ വാഗ്ദാനങ്ങളാണ് വരുന്നത്. അതില്‍ ഏറ്റവും പ്രധാനം യുഎഇ പ്രഖ്യാപിച്ച 700 കോടിയായിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫണ്ടിന്‍റെ ലഭ്യതയെ ബാധിച്ചിരിക്കുകയാണ്.

പ്രളയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇന്ത്യക്ക് വിദേശ രാജ്യങ്ങളുടെ  സഹായ ധനം വേണ്ടെന്ന നിലപാട് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മോദി സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്‍റെ ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐസക്ക് മോദി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഐസക് പറയുന്നു. വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് യുഎഇ പ്രഖ്യാപിച്ചത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഐസക്ക് ചൂണ്ടികാട്ടുന്നു. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസക്കിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കേരളം അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?

ഇത്തരത്തില്‍ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്‍റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിര്‍പ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിര്‍ത്തിരുന്നില്ല. ചരടുകള്‍ ഇല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നല്‍കാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല . നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നല്‍കിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് പോയി പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സൌഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?

ആദ്യം വാജ്പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കില്‍ അമേരിക്ക , റഷ്യ , ജര്‍മ്മനി , ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതില്‍ ജപ്പാന്‍ ഒഴികെയുള്ള പാശ്ചാത്യ സാമ്പത്തീക ശക്തികള്‍ ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ആണ് . അതെ സമയം സ്കാന്‍ഡനെവിയന്‍ രാജ്യങ്ങള്‍ ആവട്ടെ താരതമ്യേന ചരടുകള്‍ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സര്‍ക്കാരിന്‍റെ എതിര്‍പ്പ്. ഇന്ത്യ വലിയ സാമ്പത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവര്‍ നല്‍കി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നല്‍കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്പന്നമാണ് ഇന്ത്യ എങ്കില്‍ കേരളത്തിലെ ദുരന്തത്തെ നേരിടാന്‍ യു എ ഇ സര്‍ക്കാര്‍ അനുവദിച്ച തുക എങ്കിലും നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇത് സ്ക്രീന്‍ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സോറി മമ്മി, പപ്പാ...', നൊമ്പരപ്പെടുത്തുന്ന കുറിപ്പെഴുതി ബിടെക്ക് വിദ്യാർത്ഥിനി; പഠന സമ്മ‍ർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി
കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ