സിസ്റ്റര്‍ അനുപമ: നീതി തേടി തീയായി മാറിയവള്‍...

By Web TeamFirst Published Sep 22, 2018, 11:09 AM IST
Highlights

തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മഠത്തില്‍ നിന്നും പുറത്തു വന്ന് നിയമപോരാട്ടം നടത്താന്‍ അവര്‍ തീരുമാനിച്ചത്. അത് അസാധാരണമായ ഒരു തീരുമാനമായിരുന്നു. സഭയുടെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ സഭയുടെ ഭാഗമായി നിന്നു കൊണ്ട് കന്യാസ്ത്രീകള്‍ പോരാട്ടം നടത്തുന്ന അപൂര്‍വ്വ സന്ദര്‍ഭം.

രണ്ട് മാസത്തിലേറെ നീണ്ടു നിന്ന പൊലീസ് അന്വേഷണത്തിനും നിയമനടപടികള്‍ക്കും ശേഷം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്പോള്‍ തങ്ങളുടെ അമ്മയ്ക്ക് (ഇരയായ കന്യാസ്ത്രീ നേരത്തെ മദര്‍സൂപ്പിരയര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു അവരെ അമ്മ എന്നാണ് ഇവര്‍ അഭിസംബോധന ചെയ്യുന്നത്) വേണ്ടി പോരാട്ടം നടത്തിയ സിസ്റ്റര്‍ അനുപമയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇത് സംതൃപ്തിയുടെ നിമിഷങ്ങളാണ്.

ഇന്ത്യയുടെ നിയമചരിത്രത്തില്‍ ഇതാദ്യമായാണ് സമുന്നത ആത്മീയ നേതാവായ ബിഷപ്പിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അസാധ്യമെന്ന് തോന്നുന്ന ഇത്തരമൊരു നിയമനടപടിയിലേക്ക് പൊലീസിനേയും സര്‍ക്കാരിനേയും എത്തിച്ചത് കുറുവിലങ്ങാട് മഠത്തില്‍ നിന്നും പുറത്തു വന്ന് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ്.

ഇരയായ കന്യാസ്ത്രീയെ സ്വന്തം തണലില്‍ നിര്‍ത്തുകയും സഹപ്രവര്‍ത്തകരേയും കൂട്ടി തെരുവിലിറങ്ങുകയും ചെയ്ത സിസ്റ്റര്‍ അനുപമ... പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്ക്കായി എല്ലാം ത്യാജിച്ചു പോരാട്ടം നടത്തിയ സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ. ദൈവവഴിയില്‍ നിന്നും നീതി തേടി തെരുവിലെത്തിയ ഇവര്‍ അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്‍റെ വിജയത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 

ബിഷപ്പിനെതിരായ കേസിലെ പരാതിക്കാരിയുടെ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഈ അഞ്ച് കന്യാസ്ത്രീകളും. കുറുവിലങ്ങാട് മഠത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ തങ്ങള്‍ അമ്മയെന്ന് വിളിച്ചു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കന്യാസ്ത്രീയ്ക്ക് വേണ്ടിയാണ് മഠത്തിന്‍റെ ചിട്ടവട്ടങ്ങളും നിയമങ്ങളും മറികടന്ന് പുറത്തേക്ക് വന്നതും നിയമപോരാട്ടം ഏറ്റെടുത്തതും.  

ഇരയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സിസ്റ്റര്‍ അനുപമ തുടക്കം തൊട്ടേ അവര്‍ക്കൊപ്പമുണ്ടായിരുന്നു. തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് സഭയ്ക്കുള്ളില്‍ പരാതിപ്പെട്ട കന്യാസ്ത്രീയിക്ക്  അതിന്‍റെ പേരില്‍ ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായപ്പോള്‍ അവര്‍ക്ക് ധൈര്യം നല്‍കി കൂടെ നിന്നത് സിസ്റ്റര്‍ അനുപമയാണ്. സഭയിലെ സംവിധാനങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മഠത്തില്‍ നിന്നും പുറത്തു വന്ന് നിയമപോരാട്ടം നടത്താന്‍ അവര്‍ തീരുമാനിച്ചത്. അത് അസാധാരണമായ ഒരു തീരുമാനമായിരുന്നു. സഭയുടെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ സഭയുടെ ഭാഗമായി നിന്നു കൊണ്ട് കന്യാസ്ത്രീകള്‍ പോരാട്ടം നടത്തുന്ന അപൂര്‍വ്വ സന്ദര്‍ഭം.

സ്വജീവിതം തന്നെ ദൈവത്തിന് സമര്‍പ്പിച്ച് സഭയുടെ ഭാഗമായി ജീവിക്കുന്ന കന്യാസ്ത്രീകള്‍ സഭയുടെ ചട്ടങ്ങള്‍ മറികടന്നാല്‍ അതിന്‍റെ ഭവിഷ്യത്ത് ഗുരുതരമാണ്. കുടുംബമടക്കം പള്ളിവിലക്ക് നേരിടുകയോ മരണാനന്തരം അടക്കം ചെയ്യാന്‍ സെമിത്തേരി കിട്ടാതെ വരികയോ വരെ ചെയ്യാം. നല്ല രീതിയിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലും സിസ്റ്റര്‍ അനുപമയ്ക്കും സംഘത്തിനും ഇതെല്ലാം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അവര്‍ പിന്മാറിയില്ല. പതറിയില്ല.

ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗീകപീഡനപരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെ ഇരയായ കന്യാസ്ത്രീയുടെ പ്രതിനിധിയായി അവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് സിസ്റ്റര്‍ അനുപമയാണ്. കന്യാസ്ത്രീ നേരിട്ട അനീതിയും അപമാനവും ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ട പിന്തുണനേടിയെടുക്കാനും അനുപമയ്ക്കായി. നീതി തേടി പോരാടിയ ഈ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയും മരണക്കുറിപ്പ് പോക്കറ്റിലിട്ട് നിരാഹാരസമരം കിടന്ന സ്റ്റീഫന്‍ മാത്യുവും കൂടി ചേര്‍ന്നതോടെ ഭരണകൂടത്തിനും സഭയ്ക്കും നിഷേധിക്കാനാവാത്ത ശക്തിയായി ഇവരുടെ സമരം മാറി.

ഇന്നലെ ബിഷപ്പിന്‍റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സിസ്റ്റര്‍ അനുപമ വളരെ ശാന്തമായാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും ഒരുവേള അവര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു, ശബ്ദമിടറി. എങ്കിലും സ്വയം നിയന്ത്രിച്ചു കൊണ്ട് സമാനതകളില്ലാത്ത ഈ പോരാട്ടത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു... സത്യം പരാജയപ്പെട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. എല്ലാത്തിനുമൊടുവില്‍ ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുതെന്ന പ്രതീക്ഷയും ഈ സംഭവത്തോടെ സ്വയം നവീകരിക്കുകയും മാറുകയും ചെയ്യുമെന്ന ആഗ്രഹവുമാണ് അവര്‍ പങ്കുവച്ചു. 

കേരളം ഉറ്റുനോക്കിയ കന്യാസ്ത്രീയുടെ പീഡനക്കേസില്‍ ഒടുവില്‍ ബിഷപ്പ് അറസ്റ്റിലാവുന്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ മാലാഖമാരെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍ വൈറലാവുകയാണ്....

 

click me!