സൈനികരെ ലക്ഷ്യമാക്കി കല്ലെറിയുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെന്ന് കരസേന

By Web TeamFirst Published Oct 27, 2018, 5:24 PM IST
Highlights

കശ്മീരില്‍ സൈന്യത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സൈനികരെ കുറിവച്ച് കല്ലെറിയുന്നെന്ന് കരസേന ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്. 

ദില്ലി : കശ്മീരില്‍ സൈന്യത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സൈനികരെ കുറിവച്ച് കല്ലെറിയുന്നെന്ന് കരസേന ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തെ കല്ലെറിഞ്ഞ് ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിപിന്‍ റാവത്ത് വിശദമാക്കി. തീവ്രവാദികളെ പോലെ കല്ലെറിയപ്പെടേണ്ട ആളുകള്‍ അല്ല സൈനികരെന്ന് അദ്ദേഹം പറഞ്ഞു. 

സൈനികരെ തിരഞ്ഞ് പിടിച്ച് കല്ലെറിയുന്നതിന് പിന്നില്‍ പാകിസ്താനാണെന്ന് ബിപിന്‍ റാവത്ത് ആരോപിച്ചു. കശ്മീരിലെ അക്രമ സംഭവങ്ങള്‍ തുടര്‍ന്ന് പോരേണ്ടത് പാകിസ്താന്റെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനെതിരെയുള്ള പോരാട്ടം വിജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഇത്തരം മാര്‍ഗങ്ങള്‍ പാകിസ്താന്‍ അവലംബിക്കുന്നതെന്നും ബിപിന്‍ റാവത്ത് ആരോപിച്ചു. യുവാക്കളാണ് സൈന്യത്തിനെതിരായ കല്ലേറില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ട് പോയില്ലെങ്കില്‍  വീണ്ടും  സര്‍ജിക്കല്‍ സ്ട്രൈക്ക്  നടത്താന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ റോഡ് നിര്‍മാണ്ത്തില്‍ ഏര്‍പ്പെട്ടിരുന്നവരുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സൈനികന്‍ ഇന്നലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ രാജേന്ദ്ര സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ ഗുരുതര പരിക്കേറ്റ രാജേന്ദ്ര സിംഗ് രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. 

click me!