ദേശീയ പാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം; കൂനമ്മാവിൽ തീ മതിൽ തീർത്തു

By Web TeamFirst Published Jan 17, 2019, 9:23 AM IST
Highlights

ദേശീയപാത 66 ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഇരുപത്തിമൂന്നര കിലോമീറ്ററാണ് വീതി കൂട്ടുന്നത്. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാനുള്ള നടപടികളാണ് തുടങ്ങിയത്.

കൊച്ചി: എറണാകുളം ജില്ലയിൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ സ്ഥലം എടുക്കുന്നതിനെതിരെ നാട്ടുകാരുടെ അനിശ്ചിത കാല സമരവും തുടങ്ങി. സമരത്തിൻറ ഭാഗമായി കൂനമ്മാവിൽ തീമതിൽ തീർത്തു. 

ദേശീയപാത 66 ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഇരുപത്തിമൂന്നര കിലോമീറ്ററാണ് വീതി കൂട്ടുന്നത്. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഇതിനെതിരെയാണ് പ്രദേശ വാസികൾ സമരം ശക്തമാക്കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പിനെതിരെ വർഷങ്ങളായി ഇവിടുത്തുകാർ സമരത്തിലാണ്. 

സർവേ നടപടികൾ തടുങ്ങിയതോടെയാണ് രണ്ടാം ഘട്ട സമരം തുടങ്ങിയത്. മുമ്പ് ഈ ഭാഗത്ത് 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലം ഉപയോഗിച്ച് ആറുവരിപ്പാത നിർമ്മിക്കുക, അധിക വികസനത്തിന് 10 വരി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുക, ദേശീയപാത ചുങ്കപ്പാത ആക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സമരം. 

പ്രതിഷേധ സൂചകമായി തീമതില്‍ തീർത്ത് പ്രതിജ്ഞയും എടുത്തു. അതേ സമയം മാർച്ച് 31 നകം സ്ഥലം അളന്നുതിരിച്ച് നഷ്ടപരിഹാരം നിശ്ചയിച്ച് റിപ്പോർട്ട് നൽകാനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം. 
 

click me!