
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന സ്വകാര്യ ബസ്സുടമകളുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ബസുടമകൾ അമിതാവേശം കാണിക്കേണ്ടെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എന്നാൽ തീരുമാനത്തിന് മാറ്റമില്ലെന്നാണ് ബസുടമകളുടെ നിലപാട്.
ഡീസൽ വിലവർധനയുടെ പശ്ചാത്തലത്തിൽ കൺസെഷൻ നിരക്ക് വർധിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം സാധാരണ ടിക്കറ്റ് നിരക്ക് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുമെന്ന മുന്നറിയിപ്പും ബസുടമകൾ നൽകി. എന്നാൽ ഇതിനെ ഗതാഗത മന്ത്രി പാടെ തള്ളി. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഇതുവരെയായി ബസുടമകൾ സമീപിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി കൺസെഷൻ വിഷയത്തിൽ ചൊവ്വാഴ്ച മന്ത്രിയെ കാണുമെന്ന് ഒരു വിഭാഗം ബസുടമകൾ അറിയിച്ചു. തീരുമാനം ആയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഉടമകളുടെ നീക്കം. കൺസെഷൻ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഡീസൽ സബ്സിഡി നൽകണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. കൺസെഷൻ അനുവദിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾ തടയുന്നതടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് വിദ്യാർത്ഥി സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam