
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം. മുന്നറിയിപ്പില്ലാതെ വിദ്യാർത്ഥികൾ ആഘോഷം റോഡിലാക്കിയതോടെ തലസ്ഥാനത്തെ പ്രധാന റോഡുകളിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.
യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രാവിലെ മുതൽ കോളേജിനകത്ത് ഓണാഘോഷം നടക്കുകയായിരുന്നു. ഉച്ചയ്ക്ക്12 മണി കഴിഞ്ഞതോടെ ആൺകുട്ടികളും പെൺകുട്ടികളും ബാന്റ് വാദ്യമായി റോഡിലിറങ്ങുകയായിരുന്നു. വാഹന തിരക്കേറിയ സമയത്ത് മുന്നറിയിപ്പില്ലാതെ വിദ്യാർത്ഥികൾ റോഡിൽ നിറഞ്ഞ് നീങ്ങിയതോടെ യൂണിവേഴ്സിറ്റി കോളേജ് മുതൽ സെക്രട്ടറിയേറ്റിന് മുൻവശം വരെ ഗാതാഗതം സ്തംഭിച്ചു.
മെഡിക്കൽ കോളേജിലേക് രോഗികളുമായി പോയ ആംബുലൻസ് അടക്കം റോഡിൽ കുടുങ്ങി. പോലീസ് വഴിമാറാൻ ആവശ്യപ്പെട്ടിട്ടും വിദ്യാർത്ഥികൾ കൂട്ടാക്കിയില്ല. എസ്.എഫ്ഐ കൊടിയേന്തിയ കുട്ടികളും പ്രകടനത്തിലണിനിരന്നിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം സ്തംഭിപ്പിച്ചതിന് കന്റോൺമെന്റ് പോലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam