ബ്രണ്ണന്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ നിയമങ്ങള്‍; വൈകിട്ട് 5.30 കഴിഞ്ഞാല്‍ 'അസമയം', ഷോര്‍ട്ട്സ് ഇട്ടാല്‍ ഫെെന്‍

By Web TeamFirst Published Feb 23, 2019, 7:18 PM IST
Highlights

ഹോസ്റ്റലില്‍ വെള്ളത്തിന്‍റെ പ്രശ്നവും വിദ്യാര്‍ഥികള്‍ നേരിടുന്നുണ്ട്. കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി താഴത്തെ നിലയില്‍ നിന്ന് വെള്ളം ചുമന്ന് മുകളിലേക്ക് കൊണ്ടു വരേണ്ടി വരും. ആർത്തവ സമയത്ത് രാത്രി സമയങ്ങളിൽ വെള്ളം ആവശ്യമായി വന്നാൽ കുടിക്കാൻ എടുത്തു വച്ച വെള്ളം ഉപയോഗിക്കേണ്ടി വരും

തലശേരി: കേരളത്തിലെ ചരിത്രപ്രസിദ്ധമായ തലശേരി ബ്രണ്ണന്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അപരിഷ്കൃത  നിയമങ്ങളെന്ന് വിദ്യാര്‍ഥിനികള്‍. 150ന് മുകളില്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് മുറികള്‍ പോലുമില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

ഒരു മുറിയില്‍ ആറും ഏഴും പേരൊക്കെയാണ് തങ്ങുന്നത്. ഭക്ഷണമുണ്ടാക്കുന്ന സ്ഥലവും വൃത്തിഹീനമാണ്. അത് ചോദിച്ചാല്‍ 80 പേര്‍ക്കുള്ള സീറ്റാണ് ഹോസ്റ്റലില്‍ ഉള്ളതെന്നും പ്രശ്നമുണ്ടാക്കിയാല്‍ ബാക്കിയുള്ളവര്‍ പുറത്ത് പോകേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. രാത്രിയില്‍ ഭക്ഷണം കഴിക്കുന്ന പാത്രം ഓരോ മുറിയിലെയും വിദ്യാര്‍ഥിനികള്‍ മാറി മാറി കഴുകുന്നതാണ് നിയമം.

പുറത്ത് അടുത്തുള്ള കടയിലേക്ക് പോകണമെങ്കില്‍ പോലും സീനിയര്‍ വിദ്യാര്‍ഥികളെ കൂടെ കൊണ്ട് പോകണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വെെകുന്നേരം ക്ലാസ് 3.30ന് കഴിഞ്ഞാല്‍ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ 3.45ന് ഹോസ്റ്റലില്‍ കയറണമായിരുന്നു. പിന്നീട് അത് ഇപ്പോള്‍ 4.30വരെ ആക്കിയിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് അത് 5.30വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത്. പുറത്ത് അടുത്തുള്ള കടയിലേക്ക് പോകണമെങ്കില്‍ പോലും സീനിയര്‍ വിദ്യാര്‍ഥികളെ കൂടെ കൊണ്ട് പോകണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

രണ്ടു നിലകളിലായിട്ടുള്ള ഹോസ്റ്റലിൽ താഴത്തെ നിലയിലേക്ക് ഷോർട്ട്സ് ഇട്ട് വന്നാൽ 10 രൂപ ഫെെന്‍ അടയ്ക്കേണ്ടി വരും. രണ്ട് ബ്ലോക്കുകളുള്ള ഹോസ്റ്റലില്‍ പിജി ബ്ലോക്കിലാണ് വാര്‍ഡന്‍ താമസിക്കുന്നത്. യു ജി ബ്ലോക്ക് പൂട്ടി താക്കോലുമെടുത്തായിരിക്കും വാര്‍ഡന്‍ പോകുന്നത്.

രാവിലത്തെ ട്രെയിനിന് പോകണമെങ്കില്‍ പോലും അധ്യാപികയെ വിളിച്ചുണര്‍ത്തേണ്ടി വരും. ബ്രണ്ണന്‍ കോളിജിലെ ബിഎ മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി അഞ്ജന കെ ഹരീഷ് ഹോസ്റ്റലിലെ അവസ്ഥകള്‍ സംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയതോടെയാണ് കാടന്‍ നിയമങ്ങള്‍ പുറത്ത് അറിയുന്നത്.

കൂടുതൽ സമയം പുറത്തെ തട്ടുകടയിലിരുന്ന് ചായകുടിച്ചാല്‍ അത് 'അസമയ'മാകും.

സ്പോർട്സ് പ്രാക്ടീസ് കഴിഞ്ഞ് ചായ കുടിച്ച് ഏഴ് മണിക്കുള്ളില്‍ കയറണമെന്നാണ് നിയമമെന്ന് അഞ്ജന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്. ഒരു ദിവസം അതിൽ കൂടുതൽ സമയം പുറത്തെ തട്ടുകടയിലിരുന്ന് ചായകുടിച്ചാല്‍ അത് 'അസമയ'മാകും. ഹോസ്റ്റലില്‍ വെള്ളത്തിന്‍റെ പ്രശ്നവും വിദ്യാര്‍ഥികള്‍ നേരിടുന്നുണ്ട്.

കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി താഴത്തെ നിലയില്‍ നിന്ന് വെള്ളം ചുമന്ന് മുകളിലേക്ക് കൊണ്ടു വരേണ്ടി വരും. ആർത്തവ സമയത്ത് രാത്രി സമയങ്ങളിൽ വെള്ളം ആവശ്യമായി വന്നാൽ കുടിക്കാൻ എടുത്തു വച്ച വെള്ളം ഉപയോഗിക്കേണ്ടി വരും.  ഒന്ന് വയറിളകിയാൽ, ഛർദ്ദിച്ചാൽ ഇത്തിരി വെള്ളം കൊണ്ട് അത് കൈകാര്യം ചെയ്യേണ്ടി വരുമെന്നും അഞ്ജന കുറിച്ചു.

ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല, മുടി അഴിച്ചിടാന്‍ പാടില്ല തുടങ്ങിയ അനവധി നിയമങ്ങള്‍ വേറെയുമുണ്ട്.

സ്പോര്‍ട്സ് പരിശീലനം കഴിഞ്ഞ് എത്തുമ്പോള്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയുണ്ട്. അങ്ങനെ ഉറങ്ങി രാവിലെ വീണ്ടും പരിശീലനത്തിന് പേകേണ്ട ഗതികേടിലാണ് തങ്ങളെന്ന് അഞ്ജന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.

ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല, മുടി അഴിച്ചിടാന്‍ പാടില്ല തുടങ്ങിയ അനവധി നിയമങ്ങള്‍ വേറെയുമുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഒരുതരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇത് സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാല്‍ കോളജ് അധികൃതര്‍ പുറത്ത് ഒരുകാര്യവും പറയരുതെന്നുള്ള തിട്ടൂരങ്ങളാണ് നല്‍കുന്നത്.

ഈ പ്രശ്നങ്ങള്‍ കാരണം താനടക്കം പലര്‍ക്കും പുറത്ത് കൂടുതല്‍ പണം ചെലവാക്കി താമസിക്കേണ്ടി വരികയാണെന്ന് ഗവേഷക വിദ്യാര്‍ഥിയായ ദിവ്യ പാലമറ്റം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പഠിച്ചിരുന്ന ചരിത്രപ്രധാന്യമുള്ള ഒരു കോളജിലാണ് ഇങ്ങനെയുള്ള അവസ്ഥകള്‍ നേരിടേണ്ടി വരുന്നതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. 

click me!