
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പട്ടാളത്തെ വിളിച്ചായാലും ശബരിമല കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാപരമാണ്. എന്തു വില കൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സമരം പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം പ്രവര്‍ത്തകരില്‍ ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സത്രീപ്രവേശനത്തെ എതിർക്കാൻ ബിജെപി തീരുമാനിച്ചിട്ടില്ല . സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരള സർക്കാരിന് എല്ലാ പിന്തുണയും നൽകുന്നു. അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയാണെന്ന വാദം തന്നെ തെറ്റാണ്. ആര്‍ത്തവമുള്ള അഞ്ച് ദിവസം സ്ത്രീകള്‍ തന്‍റെ മുന്‍പില്‍ വരരുതെന്ന് അയ്യപ്പന്‍ പറഞ്ഞോ, പാവപ്പെട്ട സന്ന്യാസിനിമാരും ഭക്തകളും തന്‍റെ മുന്‍പില്‍ വന്നു പോവരുതെന്ന് അയ്യപ്പന്‍ പറഞ്ഞോ.. ഇല്ല. ഇതൊക്കെ ചിലരുണ്ടാക്കി വച്ചതാണ്.
നിയമത്തിന് മുന്നില്‍ ആണും പെണ്ണും ഒന്നാണെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ആര്‍ത്തവം ഒരു അയോഗ്യതയല്ല. ഒരു കുഞ്ഞിനെ ഉത്പാദിപ്പിക്കാനുള്ള പ്രകൃതിപരമായ സംവിധാനമാണ്. അത് ആണിനില്ല പെണ്ണിനുണ്ടെന്ന് മാത്രം. ആര്‍ത്തവമുള്ള സ്ത്രീകളൊക്കെ ശബരിമലയിലേക്ക് പോകണം എന്നല്ല സുപ്രീംകോടതി പറഞ്ഞത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും യുവതികള്‍ക്കുമെല്ലാം ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
പോണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. ഒരു ഭക്ത ശബരിമലയില്‍ സന്ദര്‍ശനത്തിന് വന്നാല്‍ അതിനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. പൊലീസിന് അതിന് സാധിക്കാതെ വന്നാള്‍ സൈനികനിയമം പ്രഖ്യാപിച്ചായാലും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. - സുബ്രഹ്മണ്യം സ്വാമി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam