മതേതരത്വം ഭരണഘടനയിൽ ഉൾപ്പെടുത്തിയത് അംബേദ്കറല്ലെന്ന് സുബ്രഹ്മണ്യം സ്വാമി

By Web DeskFirst Published Dec 27, 2017, 2:14 PM IST
Highlights

ദില്ലി: കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതിലും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലും പാര്‍ലമെന്‍റ് നടപടികൾ തടസപ്പെട്ടു. കുൽഭൂഷൺ ജാദവ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാളെ പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും.

കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അപമാനിച്ച വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യവും കുൽഭൂഷനെ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. 

കുൽഭൂഷൺ ജാദവ് വിഷയത്തിൽ നാളെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിശദീകരണം നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രാജ്യസഭയിൽ രാവിലെ പതിനൊന്നിനും ലോക്സഭയിൽ 12നും സുഷമ സ്വരാജ് സംസാരിക്കും. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റി ഭരണഘടന ഭേദഗതി ചെയ്യണമെന്നും മതേതരവാദികൾ പൈതൃകമില്ലാത്തവരുമാണെന്ന കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ വിവാദ പരാമര്‍ശത്തിലായിരുന്നു രാജ്യസഭയിൽ പ്രതിപക്ഷ ബഹളം.

അംബേദ്കറിനേയും ഭരണഘടനയേയും അപമാനിച്ച അനന്ത് കുമാര്‍ ഹെഗ്‍ഡെയെ പുറത്താക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. അംബേദ്കറിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് അംബേദ്കറല്ലെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം. ഹെഗ്ഡെയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാരിന്‍റേതല്ലെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ വിശദീകരിച്ചു. അതേസമയം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോക്സഭ നാളെ പരിഗണിക്കാനിരിക്കെ ബിജെപി എംപിമാര്‍ക്ക് വിപ്പ് നൽകി.

click me!