
മഹാരാഷ്ട്ര: മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുള്ള അറസ്റ്റിൽ തെളിവുകളായി ചൂണ്ടിക്കാണിച്ച കത്തുകൾ പൊലീസ് കെട്ടിച്ചമച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകയായ സുധാ ഭരദ്വാജ്. അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോവാദി ബന്ധമുണ്ടായിരുന്നു എന്നായിരുന്നു പൊലീസീന്റെ ഭാഷ്യം. ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളാണ് മഹാരാഷ്ട്ര പൊലീസ് ഹാജരാക്കിയത്. തനിക്കെതിരെയുള്ള കത്തും വ്യാജമാണെന്ന് സുധ പറയുന്നു.
ഫരീദാബാദിൽ വീട്ടുതടങ്കലിൽ കഴിയുകയാണ് സുധാ ഭരദ്വാജ്. തന്റെ വക്കീലായ വൃന്ദാ ഗ്രോവർക്ക് എഴുതിയ കത്തിലാണ് സുധാ ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കയിരിക്കുന്നതെന്ന് എൻഡിറ്റിവി റിപ്പോർട്ടിൽ പറയുന്നു. തങ്ങൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കാണിക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കുന്നതായും സുധ കത്തിൽ ആരോപിക്കുന്നുണ്ട്. എന്നാൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായി തെളിവ് ലഭിച്ചതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പോലീസ് ഉറപ്പിച്ച് പറയുന്നു. മാവോയിസ്റ്റുകൾക്കാവശ്യമുള്ള വസ്തുക്കൾ എത്തിച്ചു കൊടുത്തിരുന്നത് ഇവരായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തുന്നുണ്ട്.
മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുഗു കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ഗൗതം നവലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയുടെ നിർദ്ദേശ പ്രകാരം ഇവരെല്ലാവരും ഇപ്പോൾ വീട്ടുതടങ്കലിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam