
കോഴിക്കോട്: റേഡിയോളജി വിഭാഗം ജീവനക്കാരിയുടെ മരണം നിപ മൂലമാകാമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിപ മൂലം മരിച്ചവരുടെ പട്ടികയിലാണ് വി.സുധയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷമാണ് സുധയുടെ മരണം നിപ കാരണമെന്ന പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപമൂലം മരിച്ച പത്ത് പേരുടെ പട്ടികയിൽ മൂന്നാമത്തെ കേസാണ് സുധയുടേത്. മരണകാരണമായി പറഞ്ഞിരിക്കുന്ന രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നിപയുടേത് തന്നെ. ശക്തമായ പനി, തലവേദന, ഛര്‍ദ്ദി, മാനസികനിലയിലെ മാറ്റം, ശ്വാസംമുട്ടല്‍ തുടങ്ങി നിപ മൂലം മരിച്ചവരുടെ അതേ രോഗ ലക്ഷണങ്ങളാണ് സുധയിലും കണ്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മസ്തിഷ്ക വീക്കം മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തല്‍. നിപ രോഗികളിലും സമാന അവസ്ഥയാണ് കണ്ടത്. എന്നാല്‍ രക്തം വിദഗ്ധ പരിശോധനക്ക് വിധേയമാക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, മെഡിസിന്‍ വിഭാഗം മേധാവി തുടങ്ങി എട്ട് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ജേര്‍ണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഒക്ടോബര്‍ 26, നവംബര്‍ 9 തീയതികളിലാണ് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് വന്നത്. സുധയുടെ മരണം നിപ മൂലമാണെന്ന് തന്നെയാണ് ആ റിപ്പോര്‍ട്ടും അടിവരയിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ പെടാത്ത മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി അംഗീകരിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam