വനിതാ മതിൽ വിഷയത്തിൽ സാറ ജോസഫിന് സുജ സൂസൻ ജോർജിന്‍റെ തുറന്ന കത്ത്

By Web TeamFirst Published Dec 16, 2018, 1:53 PM IST
Highlights

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സുജ സൂസൻ ജോർജിന്‍റെ കത്ത്. രഹനാ ഫാത്തിമയ്ക്ക് ജാമ്യം കിട്ടിയപ്പോൾ വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന നിലപാട് സാറാ ജോസഫ് നിലപാട് മാറ്റിയിരുന്നു, പക്ഷേ പി.കെ.ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷന്‍റേത് എന്ന പേരിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ സാറ ജോസഫ് നിലപാട് മാറ്റിയത് നിരാശാജനകമാണെന്ന് സുജ സൂസൻ ജോർജ് പറയുന്നു.

തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തിൽ എഴുത്തുകാരി സാറാ ജോസറഫിന് എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ സുജ സൂസൻ ജോർജ് തുറന്ന കത്തെഴുതി. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് എഴുത്തുകാരി സാറാ ജോസഫ് നിലപാട് എടുത്തതിനെ തുടർന്നാണ് സുജ സൂസൻ ജോർജിന്‍റെ കത്ത്. ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയർത്തുന്നില്ല, സ്വതന്ത്ര സ്ത്രീസങ്കൽപ്പത്തിന് എതിര് നിൽക്കുന്ന സമുദായ സംഘടനകൾ നിർദ്ദേശിച്ച പരിപാടി സർക്കാർ ഏറ്റെടുക്കുകയായിരുന്നു, രഹന ഫാത്തിമ ജയിലിൽ കിടക്കുമ്പോൾ എന്തിനാണ് വനിതാ മതിൽ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയാണ് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് സാറാ ജോസഫ് നിലപാട് എടുത്തത്.

രഹനാ ഫാത്തിമയ്ക്ക് ജാമ്യം കിട്ടിയപ്പോൾ സാറാ ജോസഫ് നിലപാട് മാറ്റിയിരുന്നു, പക്ഷേ പി.കെ.ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷന്‍റേത് എന്ന പേരിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ സാറ ജോസഫ് നിലപാട് മാറ്റിയത് നിരാശാജനകമാണെന്ന് സുജ സൂസൻ ജോർജ് പറയുന്നു.എല്ലാം പരിഹരിച്ചിട്ടേ ഇന്നത്തെ അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളോട് പ്രതികരികരണമായി ഒരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരൂ എന്ന് തീരുമാനം ശരിയാണോ എന്നാണ് സാറ ജോസഫിനോട് മലയാളം മിഷൻ ഡയറക്ടറും ഇടതുപക്ഷ സഹയാത്രികയുമായ സുജ സൂസന്‍റെ ചോദ്യം.

സ്ത്രീകൾ പോരാടി നേടിയ ജനാധിപത്യാവകാശങ്ങളിൽ നിന്ന് അവരെ തുരത്തിയോടിക്കാൻ സ്ത്രീകളെ തന്നെയാണ് സംഘപരിവാർ ശക്തികൾ തെരുവിലിറക്കുന്നത്. ഞങ്ങൾ ആർത്തവമെന്ന അശുദ്ധിയുള്ളവരാണ്, ഞങ്ങളെ അമ്പലത്തിൽ കയറ്റരുത് എന്ന് തെരുവിലിറങ്ങി ജപിക്കുന്നത് നമ്മുടെ സഹോദരിമാർ തന്നെയാണ്. എന്നാൽ കേരളത്തിലെ കീഴ് ജാതി സ്ത്രീകൾ കേരള നവോത്ഥാനത്തിൻറെ മൂല്യങ്ങൾ ഇന്നും ഉയർത്തിപ്പിടിക്കുന്നവരാണ്. അവർ ആർത്തവസമരത്തിന് തെരുവിലില്ല. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിൻറെ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞുവെന്ന് സുജാ സൂസൻ ജോർജ് കത്തിൽ പറയുന്നു. രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം, പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ്എൻഡിപി, കെപിഎംഎസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ എന്നും തുറന്ന കത്തിൽ സുജ ചോദിക്കുന്നു. സാറ ടീച്ചർ മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യരുത് എന്ന അഭ്യർത്ഥനയോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തുറന്ന കത്ത് സുജ സൂസൻ അവസാനിപ്പിക്കുന്നത്.

സുജ സൂസൻ ജോർജ് സാറ ജോസഫിന് എഴുതിയ തുറന്ന കത്തിന്‍റെ പൂർണരൂപം ചുവടെ.

പ്രിയപ്പെട്ട സാറ ടീച്ചർ,

2019 ജനുവരി 1 ൻറെ വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് ടീച്ചർ പറഞ്ഞതായി കണ്ടു. രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാൻ ചോദിക്കട്ടെ? ടീച്ചറിന്‍റെ ചിന്തകളും എഴുത്തുകളും നിലപാടുകളും വലിയ സ്വാധീനം ചെലുത്തിയ തലമുറയിലാണ് ഞാനും നിലപാടുറപ്പിച്ചത്. പെണ്ണെഴുത്തിന്‍റെ ആദി കൂട്ടായ്മകളും കോട്ടയത്ത് നടന്ന എഴുത്തുകാരികളുടെ ശില്പശാലയും ഒക്കെയുമൊക്കെയും സ്നേഹാദരവുകളോടെ ഓര്‍ക്കുന്നു.

വനിതാ മതിൽ എന്ന പരിപാടി ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയർത്തുന്നില്ല എന്നതാണ് ഒരു വിമർശനം. പൊതുവേ ആധുനിക സ്വതന്ത്ര സ്ത്രീ എന്ന സങ്കല്പത്തിന് എതിര് നില്ക്കുന്ന സമുദായ സംഘടനാ നേതാക്കളാണ് ഈ പരിപാടി നിർദേശിച്ചതും ചുമതല വഹിക്കുന്നതും എന്നതാണ് വേറെ ഒരു വിമർശനം. ശബരിമലയിൽ പോകാൻ ശ്രമിച്ച രഹ്ന ഫാത്തിമ ജയിലിൽ കിടക്കുമ്പോൾ എന്ത് വനിതാ മതിൽ എന്നതായിരുന്നു ഇനിയൊരു ചോദ്യം. ഈ ചോദ്യങ്ങളൊക്കെ പ്രസക്തം തന്നെ. സംവാദം അർഹിക്കുന്നവ തന്നെ. രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ടീച്ചര്‍ വനിതാമതിലിനോട് അനുകൂലമായി എടുത്ത നിലപാട് ഞങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്കിയിരുന്നു.

പി.കെ ശശി യ്ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍റേതെന്ന പേരില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് വീണ്ടും ടീച്ചറുടെ നിലപാട് മാറ്റി.നിരാശാജനകമാണ് ആ നിലപാട് മാറ്റം.എല്ലാം പരിഹരിച്ചിട്ടേ ഇന്നത്തെ അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളോട് പ്രതികരികരണമായൊരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരൂ എന്ന് തീരുമാനിക്കുന്നത് ശരിയോ ടീച്ചറേ..

നമ്മുടെ നാട് നേരിടുന്ന ഫാഷിസ്റ്റിക് ഭീഷണി കാണാത്ത ആളല്ലല്ലോ ടീച്ചർ. സംഘപരിവാരം കാണിക്കുന്ന ഒരു ഭീഷണകൃത്യം അതിൻറെ ഇരകളെത്തന്നെ അതിൻറെ പോരാളികളായി രംഗത്തിറക്കുന്നു എന്നതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ആദിവാസികളെ തെരുവിലിറക്കുക, മുസ്ലിങ്ങൾക്കെതിരെ പിന്നോക്ക ജാതിക്കാരെയും ദളിതരെയും കലാപത്തിനിറക്കുക എന്നിവയൊക്കെയാണ് ഫാഷിസവാദികളുടെ ഇന്ത്യൻ രീതി.

ഇവരുടെ ഒരു മുഖ്യ ഇര സ്ത്രീകളാണെന്നതിൽ തർക്കമില്ലല്ലോ. സ്ത്രീകളെ അവരുടെ എതല്ലാ മനുഷ്യാവകാശങ്ങളിൽ നിന്നും, അവരിന്നു വരെ പോരാടി നേടിയ ജനാധിപത്യാവകാശങ്ങളിൽ നിന്നുമെല്ലാം തുരത്തിയോടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ കൂട്ടം അതിന്നായി തെരുവിലിറക്കുന്നുതും സ്ത്രീകളെ തന്നെയാണ്. എന്തു പരിതാപകരമായ അവസ്ഥയാണിത്! ഞങ്ങൾ ആർത്തവമെന്ന അശുദ്ധിയുള്ളവരാണ്, ഞങ്ങളെ അമ്പലത്തിൽ കയറ്റരുത് എന്ന് തെരുവിലിറങ്ങി ജപിക്കുന്നത് നമ്മുടെ സഹോദരിമാർ തന്നെയാണ്. ജാതി വിവേചനം തിരിച്ചു കൊണ്ടുവരാനും ഇതേ സ്ത്രീകളെ തെരുവിലിറക്കാൻ സംഘപരിവാരത്തിനാവും. നാമജപക്കാരായ വലിയൊരു പങ്ക് സ്ത്രീകൾ സംവരണത്തിനെതിരും കീഴ് ജാതി സ്ത്രീകളോട് താഴ്ന്നവരെന്ന മനോഭാവം ഉള്ളവരുമാണ്.

എന്നാൽ കേരളത്തിലെ കീഴ് ജാതി സ്ത്രീകൾ പുരോഗമനവാദികളായ സ്ത്രീകൾക്കൊപ്പം കേരള നവോത്ഥാനത്തിൻറെ മൂല്യങ്ങൾ ഇന്നും ഉയർത്തിപ്പിടിക്കുന്നവരാണ്. അവർ ആർത്തവസമരത്തിന് തെരുവിലില്ല. എസ് എൻ ഡി പി യോഗത്തിൻറെയും കേരള പുലയ മഹാ സഭയുടെയും പ്രവർത്തകരായ സ്ത്രീകളെയും കേരള നവോത്ഥാന മൂല്യങ്ങൾക്കെതിരായി തെരുവിലിറക്കാൻ സംഘപരിവാരം ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പക്ഷത്തേക്ക് എളുപ്പം കൊണ്ടുവരാവുന്നവരാണ് അമ്പല വിശ്വാസികളായ ഈ സ്ത്രീകൾ എന്നാണവർ കരുതുന്നത്. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിൻറെ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞു. അതനുവദിച്ചു കൂട. ഈ സ്ത്രീകൾ മാറി നില്ക്കുന്നത് ഉയർത്തിപ്പിടിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണ്.

നേരിട്ട് ശബരിമലയിലെ യുവതി പ്രവേശനം ഉന്നയിക്കുന്നുവോ എന്നതു മാത്രമല്ല പ്രശ്നം, യുവതികൾ ശബരിമലയിൽ കയറരുത് എന്ന് സംഘപരിവാരം പതിനെട്ടക്ഷൌഹിണിയും നിരത്തി ആക്രോശിക്കുമ്പോൾ അതല്ല വിഷയം, കേരള നവോത്ഥാന മൂല്യങ്ങളാണ് എന്ന് അമ്പല വിശ്വാസികളായ ഈ സ്ത്രീകൾ പറയുന്നത് വിപ്ലവകരമാണ്. രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ ?. സാറ ടീച്ചർ, മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം,

സുജ സൂസൻ ജോർജ്.

click me!