
ആലപ്പുഴ: സൈക്കിളാണ് സുമേഷിന്റെ വാഹനം. മുപ്പത് വര്‍ഷമായി സൈക്കിളുമായി ഇയാള്‍ ചങ്ങാത്തത്തിലായിട്ട്. ഇന്നും സൈക്കിളില്‍ കയറാതെ ഓഫീസിലെത്തുന്നതിനെക്കുറിച്ച് സുമേഷിന് ചിന്തിക്കാന്‍ പോലും കഴിയില്ല. അതേ, സുമേഷ് സൈക്കിള്‍ സവാരി തുടരുകയാണ്.
ഒന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോലും ബൈക്കിനേയും, മോട്ടോര്‍ വാഹനങ്ങളേയും അശ്രയിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാവുകയാണ് സുമേഷിന്റെ സൈക്കിള്‍ യാത്ര. ഒരിക്കല്‍ കൗമാരക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ച ബിഎസ്എ, ഹെര്‍ക്കുലീസ്, ഹീറോ എന്നീ സൈക്കിളുകള്‍ ഇന്ന്് പാല്‍ വിതരണക്കാരന്റേയും പത്രവിതരണക്കാരന്റേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ നിന്നുപേലും പതുക്കെ പടിയിറങ്ങുകയാണ്. തിരക്കു പിടിച്ച ഈ കാലഘട്ടത്തിലും ഓഫീസിലേയ്ക്ക് ദിവസേന 10 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയാണ് കാവുങ്കല്‍ക്കാരുടെ സ്വന്തം സുമേഷ്.
കോട്ടയം എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ് സുമേഷ് (35) ജോലി ചെയ്യുന്നത്. പട്ടികജാതി വികസനം, തൊഴില്‍, ആരോഗ്യം, പഞ്ചായത്ത് എന്നീ വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന കാലയളവിലെല്ലാം സുമേഷിന്റെ സന്തതസഹചാരിയായിരുന്നു ഈ സൈക്കിള്‍. കാവുങ്കല്‍ ഗ്രന്ഥശാലയിലെ ഭരണസമിതി അംഗവും ഇവിടുത്തെ പിഎസ്‌സി വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനുമാണ് സുമേഷ്.
ഈ സൈക്കിള്‍ യാത്രയ്ക്ക് 30 വര്‍ഷത്തെ മധുരിക്കുന്ന ഓര്‍മ്മകളുണ്ടെന്ന് സുമേഷ് പറയുന്നു. പിതാവായ കാവുങ്കല്‍ കോലോത്ത് സുധാകരന്‍ 40 വര്‍ഷത്തിന് മുമ്പ് വാങ്ങിയതാണ് ഈ സൈക്കിള്‍. സുമേഷിന്റെ ഓര്‍മ്മയില്‍ സ്‌ക്കൂളിലേയ്ക്ക് അച്ഛനോടൊപ്പമുള്ള യാത്രകള്‍ തുടങ്ങുന്നത് തന്നെ സൈക്കിളിലാണ്. സര്‍ക്കാര്‍ ജീവനക്കാരനായിട്ട് വര്‍ഷം 14 കഴിഞ്ഞു.
സ്വന്തമായി ബൈക്കുണ്ടെങ്കിലും സുമേഷിന് സൈക്കള്‍ സവാരിയാണ് താല്‍പ്പര്യം. കുടുംബസമേതം ദൂരയാത്രയ്ക്ക് മാത്രമേ ബൈക്ക് ഉപയോഗിക്കാറുള്ളു. സൈക്കിള്‍ സവാരിയിലൂടെ സാമ്പത്തിക ലാഭം, സമയക്ലിപ്തത, ശുദ്ധവായുവിന്റെ സാന്നിദ്ധ്യം, നാട്ടുവിശേഷങ്ങള്‍ അറിയുക, സൗഹൃദം നിലനിറുത്തുക, ആരോഗ്യസംരക്ഷണം എന്നീകാര്യങ്ങള്‍ സാദ്ധ്യമാകുമെന്ന് സുമേഷ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam