ബോഫോഴ്സ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം; ഹൈക്കോടതി വിധിക്കെതിരായ സിബിഐ അപ്പീൽ സുപ്രീംകോടതി തള്ളി

By Web TeamFirst Published Nov 2, 2018, 1:19 PM IST
Highlights

ബോഫോഴ്സ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ സിബിഐ അപ്പീൽ സുപ്രീംകോടതി തള്ളി. ഹിന്ദുജ സഹോദരങ്ങളെ വെറുതെ വിട്ടതിനെതിരെയായിരുന്നു അപ്പീൽ. 12 വര്‍ഷം വൈകിയുള്ള അപ്പീലില്‍ അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി.

ദില്ലി: ബോഫോഴ്സ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം. ബോഫോഴ്സ് ആയുധ ഇടപാടിൽ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീൽ സുപ്രീംകോടതി തള്ളി. 12 വര്‍ഷം വൈകിയുള്ള അപ്പീലില്‍ അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യുപിഎ കാലത്തെ ഇടപെടലാണ് കാലതാമസത്തിന് കാരണമായതെന്ന വാദം കോടതി സ്വീകരിച്ചില്ല. 

സൈന്യത്തിന് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്സ് കേസിലൂടെ പുറത്ത് വന്നത്. സൈന്യത്തിനായി 1986 മാര്‍ച്ച് 24-ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്‌സില്‍ നിന്ന് 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കിതോക്കുകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി സ്വീഡിഷ് റേഡിയോ 1987 ഏപ്രില്‍ 16-ന് വാര്‍ത്ത നല്‍കിയതോടെയാണ് വിവാദം തലപൊക്കിയത്. 

കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ കേസ്. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ദില്ലി ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. അതേസമയം വിധിക്കെതിരെ അഭിഭാഷകനായ അജയ് അഗർവാളും ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ സിബിഐയെ അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി.

 

click me!