കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് എസ്കെ കൗൾ; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

By Web TeamFirst Published Jan 16, 2019, 10:50 AM IST
Highlights

കൊളീജിയം തീരുമാനത്തിനെതിരെ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് എസ് കെ കൗൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. 

ദില്ലി: ജഡ്ജിമാരുടെ നിയമത്തെ ചൊല്ലി വീണ്ടും സുപ്രീംകോടതിയിൽ  അഭിപ്രായ ഭിന്നത. കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് എസ്.കെ.കൗൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതേ വിഷയത്തിൽ റിട്ട. ദില്ലി ഹൈക്കോടതി ജഡ്ജി രാഷ്ട്പതിക്കും കത്തയച്ചിരുന്നു.

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ഡിസംബര്‍ 12ലെ തീരുമാനം കൊളീജിയം അസാധാരണ നീക്കത്തിലൂടെ കഴിഞ്ഞ ആഴ്ച പിൻവലിച്ചിരുന്നു. 

ഇവര്‍ക്ക് പകരം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ദില്ലി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചു. 

ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്. 32 ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്നാണ് ദില്ലി ഹൈക്കോടതി ജഡ്ജി സ‍ഞ്ജീവ് ഖന്നയെ നിയമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ജസ്റ്റിസ് എസ്കെ കൗൾ വിമര്‍ശിച്ചു. 

തീരുമാനം ഞെട്ടിച്ചുവെന്ന് മുൻ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയും മുൻ ജഡ്ജി ചലമേശ്വരും പ്രതികരിച്ചു. ജസ്റ്റിസ് രാജേന്ദ്ര മേനോനെയും ജസ്റ്റിസ് നന്ദജോഗിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ ഇരുന്ന യോഗത്തിലാണ് ഉണ്ടായത്. 

മദൻ ബി ലോക്കൂര്‍ വിരമിച്ച ശേഷം ചേര്‍ന്ന കൊളീജിയമാണ് അത് പിൻവലിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ സുപ്രീംകോടതിയിൽ വലിയ വിവാദങ്ങളാണ് ഉണ്ടായത്.

ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്ന കാര്യത്തിൽ കൊളീജിയം തീരുമാനം വൈകിയത് ചോദ്യം ചെയ്ത ജഡ്ജിമാരിൽ പ്രമുഖനായിരുന്നു ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. 

എന്നാൽ ജസ്റ്റിസ് ദീപക് മിശ്ര മാറി രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തിയിട്ടും സംവിധാനങ്ങളിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം.

click me!