റഫാൽ ഇടപാടിൽ അന്വേഷണമില്ല; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ ക്ലീന്‍ചിറ്റ്

Published : Dec 14, 2018, 10:50 AM ISTUpdated : Dec 14, 2018, 12:49 PM IST
റഫാൽ ഇടപാടിൽ അന്വേഷണമില്ല; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ ക്ലീന്‍ചിറ്റ്

Synopsis

റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. എല്ലാ ഹര്‍ജികളും കോടതി തളളി. കരാറിന്‍റെ നടപടിക്രമങ്ങളിലും റഫാൽ യുദ്ധവിമാനങ്ങളുടെ വിലയിലും സർക്കാർ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തി. ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ട് നിൽക്കുന്ന സർക്കാരിന് കോടതി വിധി വലിയ ആശ്വാസമാകും.

ദില്ലി: റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.

അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി  എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

എന്നാൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനായി വിമാനനിർമാതാക്കളായ ദസോൾട്ട് ഇന്ത്യൻ പങ്കാളികളെ തീരുമാനിച്ചതിൽ ഒരു തെറ്റും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കരാറിന്‍റെ നടപടിക്രമങ്ങളിലും റഫാൽ യുദ്ധവിമാനങ്ങളുടെ വിലയിലും സർക്കാർ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തി. സർക്കാർ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

സുപ്രീം കോടതി ആവശ്യപ്രകാരം റഫാൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ആദ്യം വിമാനത്തിന്‍റെ വിലയും കരാറിന്‍റെ വിശദാംശങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അതുകൊണ്ട് നൽകാനാകില്ല എന്നുമായിരുന്നു കേന്ദ്രസർക്കാരിന്‍റെ നിലപാട്. പിന്നീട് ബിജെപിയുടെ ഉന്നതതല നേതൃത്വത്തിന്റെന തീരുമാനപ്രകാരം വിശദാംശങ്ങൾ സീൽ വച്ച കവറിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്റ് ഈ തീരുമാനം ശരിവയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

വിമാന നിർമ്മാതക്കളായ ദസോൾട്ടുമായുള്ള കരാറിന് ഫ്രഞ്ച് സർക്കാരിന്റെക നിയമപരമായ ഗ്യാരന്‍റിയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസർക്കാർ റിലയൻസിനെ പങ്കാളിയാക്കിയതിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിരുന്നു. റഫാൽ വിമാനത്തെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തിയതും കേസിന്‍റെ നാൾവഴിയിലെ അപൂർവ സംഭവമായി.

റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങൾ സുപ്രീം കോടതി തള്ളിയതോടെ മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട് നിൽക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും രാഷ്ട്രീയമായി വലിയ ആശ്വാസമായി. റഫാൽ ഇടപാടിലെ അഴിമതി ആരോപണമായിരുന്നു പാർലമെന്‍റിലും പുറത്തും ബിജെപിക്കെതിരായ കോൺഗ്രസ് ആക്രമണത്തിന്‍റെ പ്രധാന പോർമുന.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'