പീഡനത്തിന് ഇരയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി

By Web DeskFirst Published Jul 25, 2016, 11:53 AM IST
Highlights

ന്യൂഡല്‍ഹി: ലൈംഗികപീഡനത്തിന് ഇരയായി ഗർഭിണിയായ യുവതിക്ക് ഗർഭഛിദ്രം നടത്താന്‍ സുപ്രീംകോടതി അനുമതി നൽകി. മുംബൈ സ്വദേശിനിയായ യുവതിയുടെ അപേക്ഷയിലാണ് സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്. ഇരുപത്തിനാല് ആഴ്ച പ്രായമായ ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നമുണ്ടെന്ന യുവതിയുടെ അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രമാണ് ഇരുപത് ആഴ്ചക്ക് താഴെയുള്ള ഗർഭസ്ഥശിശുവിനെ അലസിപ്പിക്കുന്നത്  നിയമപരമായ സാധുതയുള്ളത്. മുംബൈ സ്വദേശിനിയായ യുവതിയുടെ ഹർജിയിൽ അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മുംബൈ കെഇ എം ആശുപത്രിയോട് കഴിഞ്ഞ വെള്ളിയാഴ്ച കോടതി നിർദ്ദേശിച്ചിരുന്നു.

പരിശോധനയിൽ കുട്ടിയുടെ മസ്തിഷ്ക്കത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല ഗർഭസ്ഥശിശുവിന്‍റെ വളർച്ച അമ്മയുടെ ജീവന് ഭീഷണിയാണെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകി.

അമ്മയുടെ ജീവനാണ് പ്രധാനമെന്നും അതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 20 ആഴ്ചകഴിഞ്ഞ ഗർഭസ്ഥശിശുക്കളെ അലസിപ്പിക്കുന്നത് അനുമതി നൽകാത്ത നിയമം പുനപരിശോധിക്കണമെന്ന് വാദത്തിനിടെ യുവതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

click me!