മുത്തലാഖ്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Nov 2, 2018, 12:39 PM IST
Highlights

മുത്തലാഖ് ഓർഡിനൻസിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇപ്പോൾ ഇടപെടുന്നില്ലെന്ന് കോടതി. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയാണ് ഹർജി നല്‍കിയത്. ഓർഡിനൻസ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനു ശേഷമുള്ള ഹർജി അംഗീകരിക്കാനാവില്ല. ഹർജി പിൻവലിക്കാൻ അനുവദിച്ചു.

ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസ് ചോദ്യം ചെയ്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തില്‍ ഇപ്പോൾ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓർഡിനൻസ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനു ശേഷമുള്ള ഹർജി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

മുത്തലാഖിന്‍റെ പേരിൽ ഭർത്താവിനെ ജയിലിൽ അടച്ചാൽ വിവാഹബന്ധം കൂടുതൽ വഷളാകുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിവാഹമോചനത്തിന്‍റെ പേരിൽ മുസ്ലീം മതത്തിൽപ്പെട്ടവരെ മാത്രം കുറ്റക്കാരാക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതാ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചത്.
 
മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം. മുത്തലാഖ് ചെല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്. ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓർഡിനൻസ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

click me!