
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളും കോടതിക്ക് മുമ്പിലുണ്ട്.
എല്ലാ ഹര്‍ജികളും ഒന്നിച്ച് തുറന്ന കോടതിയിൽ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. പുനഃപരിശോധന ഹര്‍ജികൾ കൂടി തുറന്ന കോടതിയിൽ കേൾക്കണമെങ്കിൽ നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി പുതിയ ഭരണഘടന ബെഞ്ച് തന്നെ രൂപീകരിക്കേണ്ടിവരും. ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചു.
നവംബര്‍ 13ന് ഉച്ചക്ക് ശേഷം കേസ് പരിഗണിച്ചാൽ തന്നെ ഭരണഘടന ബെഞ്ച് എടുത്ത തീരുമാനത്തിനെതിരെ വന്ന പുതിയ റിട്ട് ഹര്‍ജികൾ നിലനിൽക്കുമോ എന്നാകും ആദ്യം കോടതി പരിശോധിക്കുക. അതിന് ശേഷമേ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാനാകൂ. നവംബര്‍ 17 മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്.
ശബരിമല സ്ത്രീ പ്രവേശന കേസ് വീണ്ടും വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിക്കുകയാണെങ്കിൽ കേസിൽ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രം തന്ത്രി, രാജകുടുംബം അങ്ങനെ എല്ലാവരുടെയും വാദങ്ങൾ വീണ്ടും കേൾക്കേണ്ടിവരും. പുതിയ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരും കേസിൽ കക്ഷിയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലകാലത്തിന് മുമ്പ് അന്തിമ തീരുമാനത്തിനുള്ള സാധ്യത കുറവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam