
സൂറത്ത്: ജനിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ആധാറടക്കമുള്ള രേഖകൾ സ്വന്തമാക്കി ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള നവജാതശിശു. അങ്കിത് നഗറാനി- ഭൂമി നഗറാനി ദമ്പതികളുടെ മകൾ രമ്യയാണ് ഈ അപൂർവ്വ ഭാഗ്യത്തിന് അർഹയായത്. ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ രേഖകൾ ജനിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് രമ്യയ്ക്ക് അധികൃതർ നൽകിയത്. ഇന്ത്യയിൽ ഈ രേഖകളെല്ലാം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് രമ്യ.
ഡിസംബർ 12നാണ് രമ്യയുടെ ജനനം. തങ്ങൾക്ക് പിറക്കുന്ന കുഞ്ഞിനെ പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ വ്യക്തിഗത രേഖകളുമുള്ള ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടി തന്റെ മകളായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അധികൃതരുടെ സഹായത്തോടെ തന്റെ ആഗ്രഹം സഫലീകരിച്ചതെന്നും അങ്കിത് പറയുന്നു.
കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നു. ആദ്യമായി ജനന സർട്ടിഫിക്കറ്റായിരുന്നു ഒരുക്കിയത്. പിന്നീട് പുറകെ ഓരോ രേഖകൾക്കായുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നുവെന്ന് രമ്യയുടെ അമ്മ ഭൂമി നഗറാനി പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ മഹാരാഷ്ട്രയിലെ ദമ്പതികൾ കുഞ്ഞ് ജനിച്ച് 1.48 മിനിട്ടിനുള്ളിൽ കുഞ്ഞിന്റെ പേര് ആധാറിൽ ചേർത്തിരുന്നു. സാച്ചി എന്നായിരുന്നു കുട്ടിയുടെ പേര്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam