മാനവികതയ്ക്ക് അതിരുകളില്ല; പാക്ക് ബാലനെ ഇന്ത്യ ചികിത്സിക്കും

By Web DeskFirst Published Jun 3, 2017, 9:00 AM IST
Highlights

"ഇവന്‍ എന്റെ മകനാണ്. മതിയായ ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുകയാണിവന്‍. ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഭവിക്കുന്നത് എന്താണെന്ന് ഇവനറിയില്ല. സര്‍താജ് അസീസ് സാറിനും സുഷമാ മാഡത്തിനും എനിക്ക് ഒരു ഉത്തരം തരാനാകുമോ?". മകന്റെ ചിത്രത്തോടൊപ്പം കെന്‍ സയിദ് എന്ന പാക്കിസ്ഥാന്‍കാരന്‍ കണ്ണീരുകൊണ്ട് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന രണ്ടരവയസ്സുകാരന് തുടര്‍ ചികിത്സനല്‍കാന്‍ യാതൊരുവഴിയും ഇല്ലാതെ വന്നപ്പോഴാണ് കെന്‍ സയിദ് എന്ന മനുഷ്യന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.

ട്വീറ്റ് ശ്രദ്ധയില്‍ പെട്ടയുടന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് മറുകുറിപ്പെഴുതി; ട്വിറ്ററില്‍ത്തന്നെ. "കുട്ടി കഷ്ടപ്പെടേണ്ടി വരില്ല. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉടന്‍ ബന്ധപ്പെടുക. കുട്ടിക്ക് മെഡിക്കല്‍ വിസ ലഭ്യമാക്കാം'- ഇതായിരുന്നു സുഷമയുടെ മറുപടി. ഈ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ച കുടുംബത്തിന് നാലുമാസത്തേക്കുള്ള മെഡിക്കല്‍ വിസയും വിദേശകാര്യമന്ത്രാലയം അനുവദിച്ചു.

കുട്ടിയെ ചികിത്സിക്കാന്‍ പാകിസ്ഥാനില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യന്‍ വിസ ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍.  ഫലം കാണാതെ വന്നപ്പോഴാണ് സുഷമാ സ്വരാജിനോട് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്. വിസ അനുവദിച്ചതിന് പിന്നാലെ സുഷമസ്വരാജിന് നന്ദിയറിയിച്ച് കെന്നിന്റെ ട്വീറ്റ് വീണ്ടുമെത്തി.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും വര്‍ഷംതോറും ധാരാളം പാകിസ്ഥാനികള്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്താറുണ്ട്. 2015-ല്‍ അഞ്ചുവയസ്സുകാരിയായ ബസ്മയ്ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇന്ത്യയിലെത്താന്‍ മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു.

എന്നാല്‍ കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയും അതിര്‍ത്തിയിലെ നിരന്തര സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അപ്പോഴും പാക് ബാലന് ഇന്ത്യ നല്‍കിയ ചികിത്സാസഹായം അതിരുകളില്ലാത്ത മാനവികതയുടെ തെളിവാകുകയാണ്.

 

click me!