ജനനേന്ദ്രിയം മുറിച്ച സംഭവം; മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാറെന്ന് ആരോപണം

By Web DeskFirst Published Jun 19, 2017, 5:18 PM IST
Highlights

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകൻ അയ്യപ്പദാസ് ഹൈക്കോടതിയെ സമീപിച്ചു. സംഘപരിവാർ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേർന്ന് ഗൂഡാലോചന നടത്തിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് അയ്യപ്പദാസ് ആരോപിച്ചു. സ്വാമിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

കലങ്ങിമറിയുന്ന സ്വാമി കേസിൽ ഒടുവിൽ പെൺകുട്ടിയുടെ കാമുകനും രംഗത്തെത്തിയിരിക്കുകയാണ്. പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. സംഘപരിവാർ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും നടത്തിയ ഗൂഡാലോചനയാണ് പെൺകുട്ടിയുടെ മൊഴി മാറത്തിന്റെ കാരണമെന്ന് അയ്യപ്പദാസ് ആരോപിച്ചു. പെൺകുട്ടിയെ പ്രായപൂർത്തിയാകും മുമ്പെ സ്വാമി പീഡിപ്പിച്ചിട്ടുണ്ട്. പീഡനശ്രമം തടയാൻ പെൺകുട്ടി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും അയ്യപ്പദാസ് പറയുന്നു.

വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചാൽ പെൺകുട്ടി സത്യം പറയുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.  പൊലീസിന്റെ വിശദീകരണം തേടിയ ഹൈക്കോടതി കേസ് 26ലേക്ക് മാറ്റി. സ്വാമിയുടെ അഭിഭാഷകന് നൽകിയ കത്തിലും അഭിഭാഷകനുമായുള്ള സംഭാഷണത്തിലും കോടതിയിൽ നൽകിയ ഹർജിയിലും കൃത്യത്തിന് പിന്നിൽ അയ്യപ്പദാസെന്നാണ് പെൺകുട്ടി കുറ്റപ്പെടുത്തിയത് . മൊഴിമാറ്റത്തിൽ പൊലീസും ഗൂഡാലോചന സംശയിക്കുമ്പോഴാണ് കാമുകൻ സമാനവാദം ഉയർത്തുന്നത്. കാമുകന്റെ ഹർജിയിൽ പൊലീസ് നിലപാട് ശ്രദ്ധേയമാകും.

അതിനിടെ സ്വാമിയുടെ ജാമ്യാപേക്ഷയും പെൺകുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് തിരുവനന്തപുരം പോക്സോ കോടതി നാളത്തേക്ക് മാറ്റി. കേസിൽ മറ്റ് ഏജൻസിയുടെ അന്വേഷണം വേണമെന്ന പെൺകുട്ടിയുടെ ഹർജി വ്യാഴാഴ്ചയും പരിഗണിക്കും.

click me!