
വിയന്ന: കാല്‍പ്പന്ത് കളിയിലെ വമ്പന്‍ പോരാട്ടം തുടങ്ങാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അവസാന സന്നാഹ മത്സരങ്ങളുടെ തിരക്കില്‍ ചില ടീമുകള്‍ നില്‍ക്കുമ്പോള്‍ ആരവമുയര്‍ത്തി ചില സംഘങ്ങള്‍ റഷ്യയിലെത്തി. ഫുട്ബോള്‍ ലോകകപ്പ് എന്ന് പറയുമ്പോള്‍ അഞ്ചു വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ എന്നും ഫേവറിറ്റുകളാണ്. എന്നാല്‍, 16 വര്‍ഷം മുമ്പ് നേടിയ കിരീടം വീണ്ടും ലക്ഷ്യമിടുമ്പോള്‍ ബ്രസീലിനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 2014 ലോകകപ്പില്‍ ബ്രസീലിന്‍റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നത് സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്ത് പോയപ്പോഴാണ്.
ഇത്തവണയും പിഎസ്ജി താരത്തിന്‍റെ കരുത്തില്‍ വരുന്ന ടീമിനെതിരെ അതേ മാര്‍ഗം ഉപയോഗിച്ചുള്ള തിരിച്ചടിയാണ് ടീമുകള്‍ ലക്ഷ്യമിടുന്നത്. പരിക്കുകള്‍ എപ്പോഴും വില്ലനാകുന്ന താരത്തെ സന്നാഹ മത്സരത്തില്‍ പോലും ടീമുകള്‍ വെറുതെ വിടുന്നില്ല. ഫെബ്രുവരിയില്‍ ഏറ്റ പരിക്കിന് ശേഷം ഇന്നലെയാണ് താരം ആദ്യമായി ആദ്യ ഇലവനില്‍ പന്ത് തട്ടാന്‍ ഇറങ്ങിയത്. സന്നാഹ മത്സരം ആയിരുന്നെങ്കില്‍ പോലും കാലില്‍ പന്ത് കിട്ടുമ്പോള്‍ എല്ലാം എതിര്‍ ടീം താരങ്ങള്‍ നെയ്മറിന്‍റെ ചുറ്റും വട്ടമിട്ട് പറന്നു. എട്ട് വട്ടമാണ് താരത്തെ ഓസ്ട്രിയന്‍ താരങ്ങള്‍ ഫൗള്‍ ചെയതത്.
പല ഫൗളുകളും രണ്ടിലേറെ താരങ്ങള്‍ നെയ്മറിനെ നേരിടാന്‍ എത്തിയപ്പോഴുണ്ടായതാണ്. കഴിഞ്ഞ ലോകകപ്പില്‍ കരിയര്‍ പോലും അവസാനിച്ചു പോയേക്കാവുന്ന ഫൗളാണ് നെയ്മറിനെ കൊളംബിയയുടെ സുനിഗ ചെയ്തത്. അതിനെയെല്ലാം അതിജീവിച്ച് വന്ന താരത്തെ വീണ്ടും പരിക്ക് വലയ്ക്കുമോയെന്ന ആശങ്കകള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്കുണ്ട്. എന്നാല്‍, ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം കണ്ടതോടെ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ് ബ്രസീല്‍ ടീമും നെയ്മറും.
പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായതാണ് നെയ്മറിന്‍റെ ആശ്വാസം. കൂടാതെ, 63-ാം മിനിറ്റില്‍ തന്‍റെ പ്രതിഭ വെളിവാക്കുന്ന ഒരു ഗോളും സ്വന്തമാക്കാനായി. കളിയുടെ 83-ാം മിനിറ്റ് വരെ കളത്തില്‍ അദ്ദേഹം തുടര്‍ന്നു. കളിക്ക് ശേഷം നെയ്മർ നടത്തി പ്രതികരണം അദ്ദേഹത്തിന്‍റെ ശരീരഭാഷ വ്യക്തമാക്കുന്നതായിരുന്നു. നമ്മുടെ സ്വപ്നങ്ങളെ വിശ്വസിക്കണം. നിങ്ങള്‍ ഒരു ബ്രസീലിയന്‍ ആണെങ്കില്‍ സ്വപ്നം കാണാം. നമ്മള്‍ കൂടുതല്‍ കൂടുതല്‍ സ്വപ്നം കാണുകയാണ്. സ്വപ്നം കാണുന്നതിന് വിലക്കുകള്‍ ഇല്ലല്ലോ. ഇന്നലത്തെ മത്സരം ആയോധന കലയുടെ അഭ്യാസങ്ങള്‍ കൂടെയായിരുന്നു. അള്‍ട്ടിമേറ്റ് ഫെെറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ഞങ്ങള്‍ തയാറാണെന്നും നെയ്മര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam