മകനെ ചികില്‍സിക്കാന്‍ മോഷ്ടാവായി,മോഷണത്തിനിടെ 30 കൊലകള്‍,സീരിയല്‍കില്ലറായ തയ്യല്‍ക്കാരന്‍ പിടിയില്‍

Published : Sep 10, 2018, 03:10 PM ISTUpdated : Sep 19, 2018, 09:21 AM IST
മകനെ ചികില്‍സിക്കാന്‍  മോഷ്ടാവായി,മോഷണത്തിനിടെ 30 കൊലകള്‍,സീരിയല്‍കില്ലറായ തയ്യല്‍ക്കാരന്‍ പിടിയില്‍

Synopsis

അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികില്‍സയ്ക്കായി നടത്തിയ മോഷണം പിന്നീട് ലഹരിയായി. തയ്യല്‍ക്കാരന്‍ കൊലപ്പെടുത്തിയത് മുപ്പത് പേരെ.  ട്രക്കില്‍ നിന്ന് സാധനം മോഷ്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്ത തയ്യല്‍ക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സംഘങ്ങളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ എളുപ്പം പണക്കാരനാവാനാണ് മോഷണവും കൊലപാതകവും പാര്‍ട്ട് ടൈം ജോലിയാക്കിയതെന്ന് പൊലീസിന് മൊഴി നല്‍കി.

ഭോപ്പാല്‍: അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികില്‍സയ്ക്കായി നടത്തിയ മോഷണം പിന്നീട് ലഹരിയായി. തയ്യല്‍ക്കാരന്‍ കൊലപ്പെടുത്തിയത് മുപ്പത് പേരെ.  ട്രക്കില്‍ നിന്ന് സാധനം മോഷ്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്ത തയ്യല്‍ക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സംഘങ്ങളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ എളുപ്പം പണക്കാരനാവാനാണ് മോഷണവും കൊലപാതകവും പാര്‍ട്ട് ടൈം ജോലിയാക്കിയതെന്ന് പൊലീസിന് മൊഴി നല്‍കി.

ആദേശ് കാബ്രാ എന്ന നാല്‍പ്പത്തെട്ടുകാരനാണ് പൊലീസ് പിടിയിലായത്. മോഷണത്തിന് ശേഷം കൊലപ്പെടുത്തുന്നതല്ലാതെ ക്വട്ടേഷന്‍ അനുസരിച്ചും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ആദേശ് പൊലീസിനോട് വ്യക്തമാക്കി. ട്രെക്ക് പരിശോധിച്ചപ്പോള്‍ ഡ്രൈവറും ക്ലീനറും കൊല്ലപ്പെട്ട നിലയില്‍ കണ്ടെതോടെയാണ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തത്. 

മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ കൊലപാതകം നടത്തിയിട്ടുണ്ട്. ശാന്ത സ്വഭാവിയായി തയ്യല്‍ക്കട നടത്തിയിരുന്ന ഇയാളെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. ചെയ്ത കാര്യങ്ങളേക്കുറിച്ച് ആദേശ് കാബ്രായ്ക്ക് കുറ്റബോധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആഗസ്റ്റ് 12 ന് ഭോപ്പാലിലേക്ക് 50 ടണ്‍ ഇരുമ്പുമായി പോയ ട്രക്കിനെ കണ്ടെത്താനുള്ള അന്വേഷണമാണ് ആദേശിനെ കുടുക്കിയത്. ഇയാളില്‍ നിന്ന് മോഷണമുതല്‍ വാങ്ങി വില്‍ക്കാന്‍ സഹായിച്ചിരുന്ന ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാലില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണ് ഇയാളുടെ തയ്യല്‍ക്കടയിലേക്കുള്ളത്. വ്യവസായ മേഖലയ്ക്ക് സമീപമായിരുന്നു ഇയാളുടെ തയ്യല്‍ക്കട. 2010ലാണ് ഇയാള്‍ സംഘങ്ങളുമായി ചേര്‍ന്ന് മോഷണം ആരംഭിച്ചത്. ട്രെക്ക് ഡ്രൈവര്‍മാര്‍ക്ക് മദ്യവും ലഹരിയും നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു കൊലപാതകങ്ങള്‍. 2014 ല്‍ ഇയാള്‍ ഒരു മോഷണക്കേസില്‍ പിടിയില്‍ ആയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ മയക്കികിടത്തി മോഷണമായിരുന്നു ഇയാളുടെ രീതി എന്നാല്‍ തെളിവുകള്‍ ബുദ്ധിമുട്ടായതോടയാണ് ഇയാള്‍ ഇരകളെ കൊലപ്പെടുത്താന്‍ തുടങ്ങിയത്. 

അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ആദ്യം മോഷണം തുടങ്ങിയതെന്നും പിന്നീട് മോഷണം വേഗത്തില്‍ പണം സ്വരൂപിക്കാനുള്ള വഴിയായി മാറുകയായിരുന്നെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിമ്മും ഇയാള്‍ നശിപ്പിച്ചിരുന്നു. 50ഓളം സിം കാര്‍ഡുകളും 45 മൊബൈല്‍ ഫോണുകളും ഇയാള്‍ അഞ്ച് വര്‍ഷത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകളുടെ നിഴൽരൂപങ്ങളെപോലും വെറുതെ വിട്ടില്ല, ചുവർചിത്രങ്ങളെ അശ്ലീലമാക്കി; രാജ്യത്തിന് നാണക്കേടായി ഗ്വാളിയോറിലെ ആക്രമണം
സിബിഐയുടെ നിർണായക നീക്കം, ചോദ്യം ചെയ്യലിന് ദില്ലിയിൽ ഹാജരാകാനിരിക്കെ വിജയുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു