സിഎസ്ഐആർ ആസ്ഥാനത്ത് ഗവേഷക വിദ്യാർത്ഥികളുടെ നിരാഹാര സമരം

By Web TeamFirst Published Sep 10, 2018, 2:05 PM IST
Highlights

രണ്ട് കൊല്ലത്തോളം കേസിൽ യാതൊരു വിധ തീർപ്പും കൽപ്പിക്കാതെ ആയിരക്കണക്കിന് പേരുടെ ഫെലോഷിപ്പും ഭാവിയുമാണ് അധികൃതർ പെരുവഴിയിലാക്കുന്നത് എന്നാണ് ഇവരുടെ ആരോപണം. 
 

ദില്ലി: ഫെലോഷിപ്പ് അനുവദിക്കാത്തതിലും ജെആർഎഫ് സർട്ടിഫിക്കറ്റ് നൽകാത്തതിലും പ്രതിഷേധിച്ച് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയ വിദ്യാർത്ഥികൾ ദില്ലി സിഎസ്ഐആർ ആസ്ഥാനത്ത് ഏകദിന ഉപവാസ സമരം നടത്തി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് യുവഗവേഷകർ സമരത്തിൽ പങ്കെടുത്തു. 

2016ൽ യുജിസി -ജെആർഎഫ് നേടിയവർക്കാണ് രണ്ട് വർഷത്തോളമായി ജെആർഎഫ് സർട്ടിഫിക്കറ്റോ, ഫെലോഷിപ്പോ അനുവദിക്കാതിരിക്കുന്നത്. ആ സമയത്തെ ജെആർഎഫ് പരീക്ഷ സംബന്ധിച്ച് ഒരു ഉദ്യോഗാർത്ഥി നൽകിയ കേസിൽ വിധിവരാത്തതാണ് ഇതിന് കാരണം എന്നാണ് സിഎസ്ഐആർ പറയുന്നത്. എന്നാൽ ഇതിൽ ഒളിച്ചുകളികൾ ഉണ്ടെന്നാണ് ഗവേഷക വിദ്യാർത്ഥികളുടെ പക്ഷം. രണ്ട് കൊല്ലത്തോളം കേസിൽ യാതൊരു വിധ തീർപ്പും കൽപ്പിക്കാതെ ആയിരക്കണക്കിന് പേരുടെ ഫെലോഷിപ്പും ഭാവിയുമാണ് അധികൃതർ പെരുവഴിയിലാക്കുന്നത് എന്നാണ് ഇവരുടെ ആരോപണം. 

ഗവേഷക വിദ്യാർത്ഥികളുടെ സംയുക്ത മുന്നണിയാണ് ഇന്ന് നിരാഹാര സമരം നടത്തിയത്. ജെആർഎഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, ഫെലോഷിപ്പ് എത്രയും പെട്ടന്ന് അതാത് ജെആർഎഫ് അക്കൗണ്ടുകളിൽ നേരിട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഗവേഷണ വിദ്യാർത്ഥികളുടെ തീരുമാനം

click me!