
കണ്ണൂര്‍: സ്റ്റീൽ സ്കെയിൽ കൊണ്ടുള്ള അധ്യാപികയുടെ ശിക്ഷയിൽ കൈ ഞരമ്പറ്റ് കണ്ണൂർ മമ്പറത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥി
ആശുപത്രിയിൽ. മന്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റയാനെ ക്ലാസ് പരീക്ഷയിൽ ഉത്തരം തെറ്റിയതിനാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. ചെറിയ കൈയബദ്ധമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഹിന്ദി പരീക്ഷയിൽ ഒരുത്തരം തെറ്റിപ്പോയതിനാണ് ക്ലാസ് ടീച്ചർ ധനുഷ കുട്ടിയുടെ കൈയിൽ സ്റ്റീൽ സെകെയിലിന്റെ മൂർച്ചയുള്ള ഭാഗം താഴേക്ക് വരുന്ന രീതിയിൽ ചെരിച്ചുപിടിച്ച് അടിച്ചത്. കൈവെള്ളയിലേറ്റ അടിയിൽ കൈഞരമ്പ് മുറിഞ്ഞ് രക്തം ചീറ്റി.ഇതോടെ സ്കൂളധികൃതർ തന്നെ കുട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചു. ശേഷമാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ കൈഞരമ്പ് പൂർവ്വസ്ഥിതിയിലാക്കിയത്. സംഭവം വിവാദമായതോടെ ഒത്തുതീർപ്പ് ശ്രമവുമായി പ്രിൻസിപ്പലും അധ്യാപികയുമടക്കമുള്ളവർ ആശുപത്രിയിലെത്തി. പറ്റിയത് കൈയബദ്ദമാണെന്ന വിശദീകരണം കേട്ടതോടെ ക്ഷുഭിതരായ ബന്ധുക്കൾ ഒത്തുതീർപ്പിനില്ലെന്നും നിയമനടപടിയുടമായി മുന്നോട്ട് പോകുമെന്നും സ്കൂളധികൃതരെ അറിയിച്ചു.
കുട്ടിയെ മർദിച്ച അധ്യാപികയെ ആശുപത്രി മുറിയിൽ കയറാനനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി അധ്യാപികയെ സ്കൂളിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. പിണറായി പൊലീസ് ആണ് കേസന്വേഷിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രിയെലെത്തി മൊഴിയെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam