മരുമകനെ കൊന്ന് കുഴിച്ചുമൂടി ചെടി നട്ടു; അരുംകൊലയുടെ ചുരുളഴിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം

By Web TeamFirst Published Jan 11, 2019, 12:02 PM IST
Highlights

ഒഡീഷയിലെ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ മഹാറാണ എന്നയാളാണ് 2016ൽ മരുമകൻ ജയ്പ്രകാശിനെ കൊലപ്പെടുത്തിയത്. ബിജയ്‍യുടെ കാമുകിയുമായി പ്രകാശിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 

ദില്ലി: മരുമകനെ കൊലപ്പെടുത്തി വീടിന്റെ ബാൽക്കണിയിൽ കുഴിച്ചുമൂടി മുകളിൽ ചെടി നട്ട ഒഡീഷ സ്വദേശിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മൂന്നു വർഷത്തിന് ശേഷമാണ് ഹൈദരാബാദില്‍വച്ച് പ്രതിയെ പിടികൂടുന്നത്. ഒഡീഷയിലെ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ മഹാറാണ എന്നയാളാണ് 2016ൽ മരുമകൻ ജയ്പ്രകാശിനെ കൊലപ്പെടുത്തിയത്. ബിജയ്‍യുടെ കാമുകിയുമായി പ്രകാശിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ജയ്പ്രകാശ്.

2012ൽ കാമുകി ദില്ലിയിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് ബിജയ്‍യും ദില്ലിയിലെത്തുന്നത്. ശേഷം 2015ൽ ജയ്പ്രകാശും ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയ്‍യുടെ കാമുകിയുമായി ജയ്പ്രകാശ് അടുത്തു കഴിഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബിജയ് മരുമകനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; 2016 ഫെബ്രുവരി ആറിനാണ് ബിജയ് കൃത്യം നടത്തിയത്. അറ്റകുറ്റപണികൾക്കായി അഴിച്ചുവെച്ചിരുന്ന സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന ജയ്പ്രകാശിന്റെ തലയിൽ അടിച്ചു കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഫ്ളാറ്റിലെ ബാൽക്കണിയിൽ കുഴിച്ചിടുകയും സംശയം തോന്നാതിരിക്കാൻ മുകളിൽ ചെടികൾ നടുകയും ചെയ്തു.

സംഭവം നടന്ന് ഒരാഴ്ച്ചക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്ന വ്യാജേന ബിജയ് തന്നെ പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ ജയ്പ്രകാശ് തിരിച്ചുവന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് അതേ ഫ്ളാറ്റിൽ രണ്ട് മാസത്തോളം താമസിച്ച ബിജയ് മറ്റൊരിടത്തേക്ക് താമസം മാറുകയും 2017ല്‍ ഹൈദരാബാദിലേക്ക് പോകുകയും ചെയ്തു. 

കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടത്തിന്റെ അറ്റക്കുറ്റപ്പണികൾക്കിടെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. നീല നിറത്തിലുള്ള ജാക്കറ്റ്, ഷര്‍ട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവകൊണ്ടു മൂടിയ നിലയിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍. ശേഷം നടത്തിയ അന്വേഷണത്തിൽ ബിജയ്‍യെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബിജയ്ക്ക് ശേഷം രണ്ടുപേർ ഇതേ ഫ്ളാറ്റിൽ താമസിച്ചിരുന്നതായി ഉടമ പറഞ്ഞു. എന്നാൽ, മറ്റുള്ളവർക്ക് സംഭവത്തെകുറിച്ച് ധാരണയൊന്നും ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം ബിജയ്‍യല്‍ ചെന്ന് നിൽക്കുകയായിരുന്നു. ഇയാൾ മൊബൈല്‍ നമ്പര്‍ മാറ്റുകയും പണം പിന്‍വലിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ പിൻവലിച്ചതായും കണ്ടെത്തി.

ഒരാഴ്ചത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്. വിശാഖപട്ടണത്തെത്തിയ അന്വേഷണ സംഘം പിന്നീട് ഹൈദരാബാദില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു

click me!