
വിസ്‌കോണ്‍സിന്‍: നാല്പത് ദിവസത്തെ ഉപവാസത്തിനൊടുവിൽ മകൻ മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ റീഡ്ബര്‍ഗിലാമിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 15 വയസ്സുകാരനാണ് മരിച്ചത്. ദമ്പതികളുടെ11 വയസ്സായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ജൂലൈ 19 മുതലാണ് കുടുംബം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കുട്ടികൾ അബോധാവസ്ഥയിൽ ആകുകയും വിശപ്പ് സഹിക്കാനാകാതെ മുത്ത മകൻ മരിക്കുകയുമായിരുന്നു. തുടർന്ന് പിതാവ് റീഡ്ബര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി മകന്റെ മരണവിവരം അറിയിച്ചു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അവശനിലയിലായ ഭാര്യയേയും 11 വയസുള്ള കുട്ടിയേയും വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും മാഡിസനിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ദൈവ പ്രീതി നേടുന്നതിനുവേണ്ടിയാണ് ഉപവസം അനുഷ്ഠിച്ചതെന്ന് മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിട്ടുണ്ട്. അതേ സമയം കുട്ടികളെ നിർബന്ധിച്ച് ഉപവാസം അനുഷ്ഠിക്കാൻ പ്രേരിപ്പിച്ചതാണോ എന്ന് അന്വേഷിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി.