
വാഷിങ്ടണ്‍: അമേരിക്കയില്‍ വേഗത്തിൽ വളരുന്ന ഭാഷ തെലുങ്ക് ആണെന്ന് പഠനം. 2010 മുതൽ 2017 വരെയുള്ള കാലയളവില്‍ തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഭാഷകളില്‍ 20ാം സ്ഥാനത്ത് വരെ തെലുങ്ക് എത്തിയെന്നാണ് പഠനം പറയുന്നത്.
വേൾഡ് എകണോമിക് ഫോറം പുറത്തുവിട്ട ഓൺലൈന്‍ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. സെന്റർ ഫോർ ഇമിഗ്രേഷൻ, അമേരിക്കയിൽ സംസാരിക്കുന്ന ഭാഷകളെപ്പറ്റിയുള്ള പഠനമാണ് വീഡിയോക്ക് ആധാരം. ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. 84 മില്യണ്‍ ആളുകളാണ് ഇന്ത്യയില്‍ തെലുങ്ക് സംസാരിക്കുന്നത്.
കഴിഞ്ഞ വർഷം അമേരിക്കയിൽ നാല് ലക്ഷത്തോളം തെലുങ്കു ഭാഷ സംസാരിക്കുന്നവരാണ് ഉണ്ടായിരുന്നത്.ഇത് 2010 ൽ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികമാണ്. ഹൈദരാബാദിലും തെലങ്കാനയിലുമാണ് തെലുങ്ക് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.
1990 കളുടെ മധ്യത്തില്‍ ഐടി രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളർച്ച സോഫ്റ്റ് വെയർ എഞ്ചിനീയർമാരുടെ ആവശ്യകത വര്‍ധിപ്പിക്കുകയും തുടര്‍ന്ന് ഹൈദരാബാദിൽ നിന്നും അനേകം വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്യുകയുമുണ്ടായി. ഇത് അമേരിക്കയിലെ തെലുങ്ക് ഭാഷയുടെ വളര്‍ച്ചയ്ക്ക് വലിയ കാരണമായെന്നാണ് പഠനം.
തെലുങ്കിന് ശേഷം ഏറ്റവും കൂടുതല്‍ അമേരിക്കയില്‍ വളര്‍ച്ചയുള്ള ഭാഷ ബംഗാളിയാണ്. തമിഴും അറബിക്കുമാണ് മൂന്നും നാലും സ്ഥാനത്ത്. 320 ദശലക്ഷം വരുന്ന അമേരിക്കന്‍ ജനസംഖ്യയിൽ ഇംഗ്ലീഷല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ സ്പാനിഷാണ്. 60 ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam