തിരുവല്ല: പ്രളയക്കെടുതി രൂക്ഷമാകുന്ന ആലപ്പുഴ ജില്ലയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. എടത്വായ്ക്കടുത്ത് വീയപുരത്ത് നിന്ന് തിരുവല്ല നിരണത്തേക്ക് പോയ പത്ത് പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന് പോയ എട്ട് മത്സ്യത്തൊഴിലാളികളെയും രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥരെയുമാണ് കാണാതായത്.
വെെകുന്നേരം അഞ്ചോടെയാണ് ഇവര്‍ വീയപുരത്ത് നിന്ന് പുറപ്പെട്ടത്. കാര്‍ത്തിക്കപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യബോട്ടാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ആറാട്ടുപ്പുഴ തീരത്ത് നിന്നെത്തിയ മിന്നല്‍ക്കൊടി എന്ന ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് കാണാതായത്.
നിരണം ഭാഗത്ത് രണ്ട് നില കെട്ടിടത്തിന് മുകളില്‍ ഒരു ഗര്‍ഭിണി, കുഞ്ഞ്, അമ്മ എന്നിങ്ങനെ മൂന്ന് പേര്‍ ഒറ്റപ്പെട്ടുന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ വീയപുരത്ത് നിന്ന് പുറപ്പെട്ടത്. അതിന് ശേഷം ഈ ബോട്ടില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല. അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയോയെന്നും അറിയാനായിട്ടില്ല.
അഞ്ചു മണിക്ക് പോയ ബോട്ട് കാണാതായ കാര്യം രാത്രി ഏഴോടെയാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ജില്ലാഭരണകൂടെത്ത അടക്കം കാര്യങ്ങള്‍ അറിയിച്ചു. അതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.
ഒരു ഫയര്‍ഫോഴ്സ് ബോട്ട് ഇവരെ തിരഞ്ഞ് പോയെങ്കിലും അവര്‍ക്കും കണ്ടെത്താനായില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോട്ടുകളില്‍ ഈ ഭാഗത്ത് തിരച്ചില്‍ പ്രായോഗികമല്ലെന്നാണ് ഇപ്പോള്‍ നാട്ടുകാരടക്കം പറയുന്നത്. വ്യോമമാര്‍ഗമുള്ള തിരച്ചിലാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam