
ചെങ്ങന്നൂരില്‍ സംഭവിക്കുന്നത് എന്ത്, ഏഷ്യാനെറ്റ് ന്യൂസ് തിരുവല്ല റിപ്പോര്‍ട്ടര്‍ മുഹമ്മദ് കൗസര്‍ വിവരിക്കുന്നു
ചെങ്ങന്നൂരില്‍ ഒരു വീട്ടില്‍ വെള്ളം കയറി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വളരെ വികാരപരമായി പ്രതികരിച്ചത്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ട്. കുറേ മണിക്കൂറുകള്‍ മാറി നിന്ന മഴ വീണ്ടും എത്തിയത് രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ചെങ്ങന്നൂര്‍ നഗരസഭയിലെ മംഗലം മാര്‍ത്തോമ പള്ളിക്ക് സമീപം കങ്കാണ തെക്കേ വീട്ടില്‍ ശോശാമ്മ (90) മകന്‍ ബേബി(73), ബേബിയുടെ മകന്‍ റെനി (30) എന്നിവരുടെ ശവശരീരങ്ങളാണ് ഇന്ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേബിയുടെ ശാന്തമ്മയെ അവശനിലയിലാണ് കണ്ടെത്തി. ഇവരെ പോലീസ് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് ഈ പ്രദേശത്ത് ജലനിരപ്പ് താഴ്ന്നപ്പോള്‍ രക്ഷപ്രവര്‍ത്തകര്‍ ഈ വീട്ടില്‍ എത്തിയത്. അപ്പോള്‍ നാലുപേരും തമ്മില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് കണ്ടത്. ചെങ്ങന്നൂര്‍ പോലീസ് ആണ് ഇവരുടെ വീട്ടില്‍ എത്തിയത്. തീര്‍ത്തും അപകടകരമായ രീതിയിലായിരുന്നു ഇന്നലെ രാത്രി ഇവിടുത്തെ ജലനിരപ്പ്.
ഇത്തരത്തിലുള്ള സാഹചര്യമാണ് ചെങ്ങന്നൂര്‍ നഗരസഭയിലും പരിസര പഞ്ചായത്തുകളിലും നിലനില്‍ക്കുന്നത്. പതിനായിരത്തോളം ആളുകളാണ് ഈ പ്രദേശത്ത് അകപ്പെട്ടിരിക്കുന്നത്. കുറ്റൂര്‍, മംഗലം, ബാലനാട്, കല്ലിശ്ശേരി, തിരുവന്‍ വണ്ടൂര്‍, മുഴക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് രക്ഷിക്കാന്‍ അപേക്ഷിച്ചുള്ള ഫോണ്‍ കോളുകള്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് അരികില്‍ എത്തുന്നത്.
ഈ മേഖലകളില്‍ എല്ലാം തന്നെ ചെറിയ വള്ളങ്ങള്‍ക്ക് പോലും സ്ഥലത്ത് എത്താന്‍ സാധിക്കുന്നില്ല എന്നതാണ് റിപ്പോര്‍ട്ട്. ഇതേ സമയം തന്നെ നേവിയുടെ ബോട്ടുകള്‍ക്കും എത്താന്‍ സാധിക്കുന്നില്ല. ചെങ്ങന്നൂര്‍ മേഖലയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷപ്രവര്‍ത്തനത്തിന് പറന്നുവെങ്കിലും 30 പേരെ മാത്രമാണ് ഈ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളത്തിന്‍റെ നിരപ്പിന് ഒപ്പം തന്നെ ഒഴുക്കും ശക്തമായത് ഈ മേഖലയില്‍ എയര്‍ലിഫ്റ്റിംഗും അസാധ്യമാക്കുന്നുണ്ട്.
ഇവിടെ കൂടി നില്‍ക്കുന്നവര്‍ക്ക് പുറത്തേക്ക് ബന്ധപ്പെടാനുള്ള എല്ലാ വാര്‍ത്ത വിനിമയ ബന്ധങ്ങളും നിലച്ച അവസ്ഥയിലാണ്. ഇവിടെ ഉണ്ടായിരുന്ന ഫോണുകള്‍ എല്ലാം തന്നെ സ്വിച്ച് ഓഫ് ആണ്. ഇവിടെയുണ്ടായിരുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളുടെ രണ്ടും മൂന്നൂം നിലയിലാണ് പലരും. മുഖ്യമന്ത്രി തന്നെ ചെങ്ങന്നൂരിലെ അവസ്ഥ വളരെ സങ്കീര്‍ണ്ണമാണ് എന്നാണ് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam