അതിർത്തിയിൽ സ്ഥിതി ഗുരുതരം; ബിഎസ്എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കി

By Web DeskFirst Published Oct 28, 2016, 7:34 PM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പാക് തീവ്രവാദികൾ ബി എസ് എഫ് ജവാനെ വധിച്ച്  മൃതദേഹം വികൃതമാക്കി. കുപ് വാരയിൽ  വൈകിട്ടാണ് സംഭവം. ഏറ്റുമുട്ടില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഇന്ത്യന്‍ സൈനികനെ വധിച്ചശേഷം മൃതദേഹം വികൃതമാക്കി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. പാക് നടപടിക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.

അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേർ മരിച്ചു. ആസൂത്രിതമായ നീക്കമാണ് അതിർത്തിയിൽ പാക് സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പാക് സൈനിക കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് വരെ എത്തി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. ഇന്നു രാവിലെ ആറരയ്ക്ക് വീണ്ടും പാകിസ്ഥാൻ വെടിവയ്പ് തുടങ്ങി. ഒരു സ്ത്രീയും ഒരു മദ്ധ്യവയസ്കനും മരിച്ചു. ഒരു കുട്ടി ഉൾപ്പടെ ആറു പേർക്ക് പരിക്കേറ്റു. ശക്തമായി തിരിച്ചടിച്ചു എന്ന് ബിഎസ്എഫ് അറിയിച്ചു.

തിരിച്ചടിക്കാനുള്ള നിർദ്ദേശം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധമന്ത്രി മനോഹർ പരീക്കറും കഴിഞ്ഞ ദിവസം രാത്രി നല്‍കിയിരുന്നു. സൈനികർ മരിച്ചെന്ന റിപ്പോർട്ട് തള്ളിയ പാകിസ്ഥാൻ രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറ് ഗ്രാമീണർ ഇന്ത്യയുടെ വെടിവെയ്പിൽ മരിച്ചെന്നും 22 പേർക്ക് പരിക്കേറ്റെന്നും വ്യക്തമാക്കി. അതിർത്തിയിലെ സംഭവങ്ങളിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെപിസിംഗിനെ വിളിച്ചു വരുത്തി പാക് വിദേശകാര്യമന്ത്രാലയം പ്രതിഷേധിച്ചു. ചാരപ്രവർത്തനത്തിന് പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് മറുപടിയായി ഇന്ത്യയുടെ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കിയിരുന്നു.

മുംബൈ മാതൃകയിൽ പശ്ചിമതീരത്ത് ഭീകരാക്രമണം നടത്തുന്നതിനാവശ്യമായ വിവരങ്ങളാണ് പാക് ചാരൻ ശേഖരിച്ചതെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. പാകിസ്ഥാനിൽ രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനും സേനാ മേധാവിക്ക് കാലാവധി നീട്ടി ലഭിക്കാനുമാണ് പാകിസ്ഥാൻ അതിർത്തിയിൽ ആസൂത്രിത ആക്രമണം നടത്തുന്നതെന്നാണ് വിലയിരുത്തൽ.

click me!