
കോട്ടയം: തട്ടേക്കാട് വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആശയക്കുഴപ്പം തുടരുന്നു. കൊല്ലപ്പെട്ട ടോണിയ്‌ക്ക് വെടിയേറ്റത് വനംവകുപ്പ് പിടിച്ചെടുത്ത തോക്കില്‍ നിന്നല്ലെന്നാണ് സൂചന. തട്ടേക്കാട് വനത്തില്‍ നിന്ന് കണ്ടെടുത്ത തോക്ക് വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ഈ തോക്ക് അടുത്ത കാലത്തെങ്ങും ഉപയോഗിച്ചിട്ടില്ലെന്ന സൂചന ലഭിച്ചത്.
ശാസ്‌ത്രീയ പരിശോധനയില്‍ തോക്കില്‍ നിന്ന് ചെറുപ്രാണിയുടെ കൂട് കണ്ടെത്തിയതും ഇതിന് ബലം പകരുന്നു. സംഘത്തിന്റെ കയ്യില്‍ ഒന്നില്‍ കൂടുതല്‍ തോക്കുണ്ടായിരിക്കാമെന്ന സാധ്യതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആലുവയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തട്ടേക്കാട് സ്വദേശി ബേസില്‍ തങ്കച്ചനില്‍ നിന്ന് മൊഴിയെടുക്കാനായാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.
കാട്ടനയെ കണ്ട പരിഭ്രമത്തിനിടയില്‍ തോക്കില്‍ നിന്ന് ടോണിയ്‌ക്ക് വെടിയേറ്റു എന്നാണ് ബേസില്‍ നേരത്തെ നല്‍കിയിരുന്ന മൊഴി.ഒളിവില്‍ കഴിയുന്ന ഷൈറ്റ് ജോസഫ്, അജേഷ് രാജന്‍ എന്നിവര്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. ഇതിനിടെ വനം വകുപ്പ് തട്ടേക്കാട് വനത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ജോഡി ചെരുപ്പും വെടിമരുന്നും കണ്ടെടുത്തു.
പരിക്കേറ്റവരെ കാട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചത് ഷൈറ്റിന്‍റെ സഹോദരന്‍ ഷിബുവും സുഹൃത്തുക്കളുമാണെന്ന സൂചന പൊലീസിന് ലഭിച്ചു. ഷിബു ആനവേട്ടക്കേസില്‍ പ്രതിയാണ്. അനുമതിയില്ലാതെ വനത്തില്‍ കയറിയതിന് ഇവര്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam