ദുരഭിമാനക്കൊല: പ്രതികൾ കൊലപാതകം പ്ലാൻ ചെയ്തത് 'ദൃശ്യം' സിനിമ മോഡലിൽ

By Web TeamFirst Published Sep 19, 2018, 3:48 PM IST
Highlights

കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ലഭിച്ചുവെന്നാണ് മാതവ റാവുവിന്റെ വെളിപ്പെടുത്തൽ. കൊലപാതകം നടക്കുന്ന സെപ്റ്റംബർ 14 ന് രണ്ട് മണിക്കൂർ മുമ്പ് ഇയാൾ നൽ​ഗോണ്ടയിലെ ജോയിന്റ് കളക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആർഡിഒയെ കാണാനും മാതവ റാവു പോയിരുന്നു. 

ഹൈദരാബാദ്: മിശ്രവിവാഹം ചെയ്തതിന്റെ പേരിൽ മകളുടെ മുന്നിൽ വച്ച് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. നൽ​ഗോണ്ട സ്വദേശി പ്രണയ് കുമാറാണ് മാതവ റാവുവിന്റെ മകൾ അമൃത വർഷിണിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടത്. ദൃശ്യം സിനിമ മോഡലിലാണ് കൊലപാതകം പ്ലാൻ ചെയ്തതെന്ന് പെൺകുട്ടിയുടെ പിതാവായ മാതവ റാവു പൊലീസിന് മൊഴി നൽകി. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമയുടെ കന്നട റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ. കൃത്യം നടന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ഈ സിനിമയില്‍ നിന്ന് പ്രചോദനം ലഭിച്ചുവെന്നാണ് മാതവ റാവുവിന്റെ വെളിപ്പെടുത്തൽ.  

''ദൃശ്യം സിനിമയിലേത് പോലെ തന്നെ നിഷ്കളങ്കമായിട്ടാണ് പ്രതി പെരുമാറിയത്. കൊലപാതകം നടക്കുന്ന സെപ്റ്റംബർ 14 ന് രണ്ട് മണിക്കൂർ മുമ്പ് ഇയാൾ നൽ​ഗോണ്ടയിലെ ജോയിന്റ് കളക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. കൊല നടക്കുന്ന സമയം താൻ അവിടെ ഇല്ലായിരുന്നു എന്ന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ നാടകം. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആർഡിഒയെ കാണാനും മാതവ റാവു പോയിരുന്നു.'' നൽ​ഗോണ്ട പൊലീസ് സൂപ്രണ്ട് രം​ഗനാഥ് പറയുന്നു.

‌​ഗർഭിണിയായ അമൃത വർഷിണിയും പ്രണയും ആശുപത്രിയിൽ പോയി മടങ്ങി വരുന്ന സമയത്താണ് പുറകിൽ നിന്നും വടിവാളുമായി എത്തിയ ആൾ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് വകവയ്ക്കാതെയാണ് ആറുമാസം മുമ്പ് ഇവർ വിവാഹിതരായത്. ഒരു കോടി രൂപയ്ക്കാണ് കൊലപാതകത്തിന് കൊട്ടേഷൻ നൽകിയതെന്ന് മാതവ റാവു പൊലീസിന് മുന്നിൽ സമ്മതിച്ചു. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയിയും അമൃതവര്‍ഷിണിയും അടുപ്പത്തിലായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. മെയ് മാസത്തില്‍ ഇരുവരെയും മാരുതി റാവു വീട്ടിലേക്ക് ക്ഷണിക്കുകയും വിവാഹ സൽക്കാരം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ അമൃതവര്‍ഷിണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് മാരുതി റാവുവിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
 

click me!