ബന്ധു നിയമനം യൂത്ത് ലീഗിന്‍റെ ഉണ്ടയില്ലാ വെടി: മന്ത്രി കെ.ടി.ജലീല്‍

By Web TeamFirst Published Nov 3, 2018, 8:14 PM IST
Highlights

അധികാര ദുര്‍വിനിയോഗം നടത്തി പിതൃസഹോദര പുത്രനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് കെ.ടി.ജലീല്‍. നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ ഫേസ് ബുക്കില്‍ പറയുന്നു. 
 

തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തി പിതൃസഹോദര പുത്രനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് കെ.ടി.ജലീല്‍. നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ ഫേസ് ബുക്കില്‍ പറയുന്നു. 

പ്രവൃത്തി പരിചയമുള്ള ഒരാളെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയ്ക്കനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്. ഇതില്‍ മൂന്ന് പേർ ഇൻറർവ്യൂവിന് ഹാജരായി. എന്നാല്‍ ഇവര്‍ക്ക് നിശ്ചിത യോഗ്യത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരെയും നിയമിച്ചില്ല. 

തുടര്‍ന്ന് നേരത്തെ ലഭിച്ച ഏഴ് അപേക്ഷകള്‍ സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും പരിശോധിക്കുകയും യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തുകയായിരുന്നെന്നും കെ.ടി. ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. 

എന്നാല്‍ ന്യൂനപക്ഷ കോർപ്പറേഷന് പരിചയ സമ്പന്നനായ ആളെ വേണമെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകള്‍ക്ക് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്ക്  ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതിനെ തുടര്‍ന്ന് അദീപ് സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നുള്ള എന്‍ഒസി ഉൾപ്പടെ അനുബന്ധമായി ചേർത്ത് വീണ്ടും അപേക്ഷ നൽകുകയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു.

തുടര്‍ന്ന് ഈ അപേക്ഷ സർക്കാരിലേക്ക് ശുപാർശ ചെയ്തു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകുകയായിരുന്നു. നേരത്തെ കുടുംബശ്രീ നിയമനത്തിൽ അഴിമതി കാണിച്ചുവെന്നാരോപിച്ച് ഫിറോസ് കൊടുത്ത പരാതി എന്തായിയെന്നും തനിക്കെതിരെയുള്ള വിരോധം ഒന്ന് കൊണ്ടുമാത്രമാണ് ഫിറോസ് മുസ്ലീം ലീഗില്‍ നിലനില്‍ക്കുന്നതെന്നും കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ എഴുതുന്നു. 

click me!