രാജ്യം പരാജയപ്പെട്ടിട്ട് നമ്മള്‍ മാത്രം ജയിച്ചത് കൊണ്ട് കാര്യമില്ല: കനയ്യകുമാര്‍

By web deskFirst Published Mar 5, 2018, 12:10 AM IST
Highlights
  • കേരളമാണ് അവരുടെ അടുത്ത ലക്ഷ്യം. അവരുടെ പരാജയത്തിന്റെ നാന്ദി കുറിക്കേണ്ട സമരങ്ങള്‍ക്ക് ഈ മണ്ണില്‍ നിന്ന് തുടക്കം കുറിക്കണമെന്നും കനയ്യകുമാര്‍ പറഞ്ഞു. 

മലപ്പുറം:  രാജ്യം പരാജയപ്പെട്ടിട്ട് നമ്മള്‍ മാത്രം ജയിച്ചത് കൊണ്ട് കാര്യമില്ലെന്ന് കനയ്യകുമാര്‍. മലപ്പുറത്ത് സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന് സമരജ്വാല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നമുക്ക് മുമ്പില്‍ എളുപ്പ വഴികള്‍ ഇല്ല. രാജ്യത്ത് അതിശക്തമായ ഐക്യ മുന്നണി കെട്ടിപ്പടുക്കേണ്ട സമയമായിരിക്കുന്നു. അധികാരത്തിന് വേണ്ടിയുള്ള ഒരു മുന്നണിയെ കുറിച്ചല്ല പറയുന്നത്, ആര്‍എസ്എസിനെതിരായ സമര ഐക്യ മുന്നണിയെ കുറിച്ചാണ്. ദളിത്, സ്ത്രീ, ന്യൂനപക്ഷ, യുവജന വിഭാഗങ്ങള്‍ അരക്ഷിതരായ ഈ രാജ്യത്ത് ആ വിഭാഗങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നണിയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കനയ്യകുമാര്‍ പറഞ്ഞു. 

2019 ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യ മുന്നണിക്ക് ഇടതുപക്ഷം മുന്‍കൈ എടുക്കണമെന്നും കനയ്യകുമാര്‍ പറഞ്ഞു. 

കേരളത്തില്‍ പുട്ട്, അട, ദോശ തുടങ്ങിയ ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ബീഹാറികളുടെ ഭക്ഷണം വ്യത്യസ്തമാണ്, നമ്മുടെ രാജ്യത്ത് ഒരൊറ്റ രാജ്യം, ഒരൊറ്റ രീതി എന്നത് ആര്‍എസ്എസ് നിലപാടാണ്, നമുക്കത് വേണ്ട, നമുക്ക് രാജ്യത്ത് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ ആവശ്യമാണ്. കേരളത്തില്‍ കൊണ്‍ഗ്രസ്സാണ് നമ്മുടെ എതിരാളികള്‍. അതങ്ങനെ തന്നെയായിരിക്കണം. എന്നാല്‍ ബീഹാറില്‍ കൊണ്‍ഗ്രസ്സ് നമ്മുടെ എതിരാളി അല്ല, രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും അവര്‍ നമ്മളുടെയോ, നമ്മള്‍ അവരുടെയോ രാഷ്ട്രീയ എതിരാളികള്‍ അല്ല, അത് കൊണ്ട് വ്യത്യസ്തമായ രാഷ്ട്രീയ ലൈന്‍ സ്വീകരിച്ച് ആര്‍എസ്എസ് ഭരണകൂടത്തെ തൂത്തെറിയാന്‍ നമ്മള്‍ ശ്രമിക്കണം. കേരളമാണ് അവരുടെ അടുത്ത ലക്ഷ്യം. അവരുടെ പരാജയത്തിന്റെ നാന്ദി കുറിക്കേണ്ട സമരങ്ങള്‍ക്ക് ഈ മണ്ണില്‍ നിന്ന് തുടക്കം കുറിക്കണമെന്നും കനയ്യകുമാര്‍ പറഞ്ഞു. 

click me!