ജയലളിതയുടെ മരണം; അപ്പോളോ ആശുപത്രിയുടേത് മതിയായ കാരണമല്ല: അന്വേഷണം തുടരാം; മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Feb 23, 2019, 2:58 PM IST
Highlights


അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ കമ്മീഷനെ പിരിച്ചുവിടാൻ മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

ചെന്നൈ:  തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് മദ്രാസ് ഹൈക്കോടതി. കമ്മീഷൻ പിരിച്ച് വിടാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. 

അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ കമ്മീഷനെ പിരിച്ചുവിടാൻ മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി  അറുമുഖ സ്വാമി കമ്മീഷന് അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു.

തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ്  നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. 

രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. 2017 ഡിസംബർ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.

click me!