സിബിഐയിലെ ഉദ്യോഗസ്ഥർ പൂച്ചകളെപ്പോലെ തമ്മിലടിച്ചു; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

By Web TeamFirst Published Dec 5, 2018, 8:21 PM IST
Highlights

സിബിഐയിലെ ഉന്നതഉദ്യോഗസ്ഥർ തമ്മിലുള്ള വിഴുപ്പലക്കൽ തെരുവിലേയ്ക്കെത്തിയ അസാധാരണ സാഹചര്യത്തിലാണ് അവധിയിൽ പോകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്ന് അറ്റോർണി ജനറൽ. കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥിതി അതീവഗുരുതരമാകുമായിരുന്നെന്നും കേന്ദ്രസർക്കാർ.

ദില്ലി: സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർ പൂച്ചകളെപ്പോലെ തമ്മിലടിച്ചതുകൊണ്ടാണ് ഇടപെടേണ്ട സാഹചര്യമുണ്ടായതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങിയ ആദ്യദിവസമാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കുന്നത്. സിബിഐ ഡയറക്ടർ അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും പ്രതിക്കൂട്ടിലാക്കുന്നതാണ് കേന്ദ്രസർക്കാർ നിലപാട്. സിബിഐയ്ക്ക് മേൽ അധികാരങ്ങളുണ്ടെന്ന് കേന്ദ്രവിജിലൻസ് കമ്മീഷനും കോടതിയിൽ വാദിച്ചു. 

സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ വിഴുപ്പലക്കൽ തെരുവിലേക്ക് വരെ എത്തിയ അസാധാരണ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതെന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ വാദിച്ചു. ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കിൽ അതീവഗുരുതരമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ പോകുമായിരുന്നുവെന്നും എജി  വാദിച്ചു. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിർബന്ധിത അവധി എടുപ്പിച്ച് മാറ്റിനിർത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നൽകിയ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങൾ അറിയിച്ചത്. ഉദ്യോഗസ്ഥ തര്‍ക്കം തെരുവിലേക്ക് എത്തിയതിന് എന്താണ് തെളിവെന്ന് കോടതി ചോദിച്ചപ്പോൾ പത്രവാര്‍ത്തകളുടെ പകര്‍പ്പ് അറ്റോര്‍ണി ജനറൽ ജഡ്ജിമാര്‍ക്ക് നൽകി.  അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി എന്ന് പറയാനാകില്ലെന്നും ചുമതലകളിൽ നിന്ന് തൽക്കാലം ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും അറ്റോര്‍ണി ജനറൽ അറിയിച്ചു.

സിബിഐക്കുമേൽ അധികാരങ്ങൾ ഉണ്ടെന്നായിരുന്നു കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ വാദം. ആവശ്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ പാര്‍ലമെന്‍റിനും രാഷ്ട്രപതിക്കും വിശദീകരണം നൽകേണ്ടിവരുമെന്നും വിജിലൻസ് കമ്മീഷൻ വാദിച്ചു. സിബിഐ ഉപഡയറക്ടറായിരുന്ന രാകേഷ് അസ്താന നൽകിയ പരാതിയിൽ അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയത്. 

ഈ റിപ്പോര്‍ട്ടിനുള്ള മറുപടി ചോര്‍ന്നതിന് അലോക് വര്‍മ്മയെ കോടതി വിമര്‍ശിച്ചിരുന്നു. കേസിൽ അലോക് വര്‍മ്മയുടെ മറുപടി വാദം നാളെ നടക്കും.

click me!