ബംഗലുരു ഐഐഎസ്‍സിയിൽ സ്ഫോടനം; ഗവേഷകൻ മരിച്ചു

By Web TeamFirst Published Dec 5, 2018, 7:12 PM IST
Highlights

പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. മൈസുരു സ്വദേശി മനോജ് കുമാറാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബംഗലുരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ ബംഗലുരു ക്യാംപസിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകൻ മരിച്ചു. മൈസുരു കൊല്ലേഗല സ്വദേശി മനോജ് കുമാർ (32) ആണ് മരിച്ചത്. ഐഐഎസ്‍സിയിലെ ഹൈപ്പർസോണിക് ആന്‍റ് ഷോക് വേവ് റിസർച്ച് സെന്‍ററിലാണ് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപകടമുണ്ടായത്. 

മൂന്ന് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഗവേഷകവിദ്യാർഥികളായ കാർത്തിക്, നരേഷ്കുമാർ, അതുല്യ എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടായ ഉടൻ മനോജ് ഇരുപത് മീറ്റർ ദൂരത്തേയ്ക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറയുന്നു.  

മനോജ് കുമാറിനൊപ്പം ഐഐഎസ്‍സിയിൽ ഇന്‍റേൺഷിപ്പിനെത്തിയ വിദ്യാർഥികളാണ് പരിക്കേറ്റവർ. ബംഗലുരുവിലെ സൂപ്പർ വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഇതിനിടെയാണ് ഐഐഎസ്‍സിയിൽ ഇന്‍റേൺഷിപ്പിനെത്തിയത്. 

പരിക്കേറ്റവരെ ബംഗലുരു എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഐഐഎസ്‍സി അറിയിച്ചു. 

click me!