
അട്ടപ്പാടി: അട്ടപ്പാടി പുതൂരിൽ നാട്ടുകാർക്ക് ഉപകാരപ്പെടാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജലസേചന പദ്ധതി. നിർമാണം പൂർത്തിയായതിന് ശേഷവും പഞ്ചായത്തിന് കൈമാറാതെ വാർഡ് മെംബറുടെയും കരാറുകാരന്‍റെയും ഒത്തുകളി. വെള്ളം ലഭിക്കാതെ പദ്ധതിക്കായി പണമടച്ച് കാത്തിരുന്ന കർഷകരുടെ കൃഷി കരിഞ്ഞുണങ്ങുകയാണ്.
അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കർഷകർക്കായി നിർമിച്ച ജലസേചന പദ്ധതിയാണിത്. പണി പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ, ഇപ്പോൾ പദ്ധതിയിൽ നിന്നും വെള്ളം ലഭിക്കുന്നത് വാർഡ് മെമ്പറുടെ സ്വന്തക്കാർക്കും കരാറുകാരനും മാത്രമാണ്. നിർമാണം പൂർത്തിയായിട്ടും തർക്കങ്ങൾ ഉണ്ടെന്ന് വരുത്തി ഇതുവരെയും പദ്ധതി പഞ്ചായത്തിന് കൈമാറിയിട്ടില്ല. എന്നാൽ രാത്രികാലങ്ങളിൽ വെളളം പമ്പ് ചെയ്യുന്നതായും ചിലരുടെ കൃഷിയിടങ്ങളിൽ മാത്രം വെള്ളം എത്തുന്നതായും മറ്റു കർഷകർ പറയുന്നു.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രകാരം പ്രത്യേകം നിർമിക്കേണ്ട ടാങ്ക് നിർമിച്ചിട്ടില്ലെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്. പരാതി പറഞ്ഞ കർഷകർക്ക് എതിരെ ഭീഷണിയും ഉണ്ടായി. പ്രദേശത്തെ എല്ലാ കർഷകർക്കും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയതെന്നും എത്രയും വേഗം പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് എല്ലാ കർഷകർക്കും വെള്ളമെത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam