ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം; നഗരത്തിലാകെ പടർന്ന പുകയും രൂക്ഷഗന്ധവും കുറയുന്നു

By Web TeamFirst Published Feb 23, 2019, 10:16 AM IST
Highlights

രാവിലെ വൈറ്റില ചമ്പക്കര കാക്കനാട് മേഖലകളിൽ അതിരൂക്ഷമായ പുക ഉണ്ടായിരുന്നു. ആളുകൾക്ക് മൂക്ക് പൊത്താതെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പുകയുണ്ടായിരുന്നത്

കൊച്ചി: കൊച്ചി ബ്രഹ്മപുരം പ്ലാന്‍റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ വരെ രൂക്ഷമായി പടർന്ന പുക കുറഞ്ഞുവരുന്നു. രാവിലെ വൈറ്റില ചമ്പക്കര കാക്കനാട് മേഖലകളിൽ അതിരൂക്ഷമായ പുക ഉണ്ടായിരുന്നു. ആളുകൾക്ക് മൂക്ക് പൊത്താതെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ബ്രഹ്മപുരം പ്ലാന്‍റിൽ ഇപ്പോൾ തീ  നിയന്ത്രണ വിധേയമാണ്. തീ പൂർണമായും അണയ്‍ക്കാനുള്ള ശ്രമം ഫയർ ഫോഴ്‍സ് യൂണിറ്റുകൾ ഇപ്പോഴും തുടരുകയാണ്. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തിൽ തീ പിടുത്തമുണ്ടാകുന്നത്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. തൊട്ട് മുന്നത്തെ കോർപറേഷൻ ഭരിച്ചിരുന്ന കാലത്ത് 12 കോടി രൂപ മുടക്കി ഒരു പ്ലാന്‍റ് നിർമിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും  ഇന്ന് 11 മണിക്ക് കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.  

തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുർഗന്ധവും രൂക്ഷമാവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണത്തിലാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.

click me!