എടപ്പാൾ തിയേറ്റർ ഉടമയുടെ അറസ്റ്റിൽ ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന

By Web DeskFirst Published Jun 5, 2018, 11:22 AM IST
Highlights
  • എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന

മലപ്പുറം: എടപ്പാള്‍ പീഡനക്കേസിൽ തിയറ്റർ ഉടമയുടെ അറസ്റ്റിൽ തൃശൂർ റെയ്ഞ്ച് ഐജിക്കും മലപ്പുറം എസ്പിക്കും ഡിജിപിയുടെ ശാസന. അറസ്റ്റ് ശരിയായ നിലയിലല്ലെന്ന് ഡിജിപി ഉദ്യോഗസ്ഥരോട് പറഞ്ഞു. അറസ്റ്റിൽ പൊലീസ് സേനയിൽ അതൃപ്തി പുകയുകയാണെന്നാണ് റിപ്പോര്‍ട്ട്. 

കെവിന്റെ കൊലപാതകത്തിൽ പ്രതിരോധത്തിലായതിന് പിന്നാലെ എടപ്പാളിലെ അറസ്റ്റ് കൂടി ഉണ്ടായതിൽ പൊലീസ് മേധാവിക്ക് കടുത്ത അതൃപ്തിയുണ്ട്. തിയറ്റർ ഉടമയുടെ അറസ്റ്റ് മാധ്യമങ്ങളിലൂടെ അറിഞ്ഞ ശേഷമാണ് ഐജി അജിത് കുമാറിനെയും എസ്പി പ്രതീഷ് കുമാറിനെയും ലോക് നാഥ് ബെഹറ വിളിച്ചത്. 

തങ്ങളുടെ അറിവോടെയല്ല അറസ്റ്റെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. നിയമസഭ നടക്കുന്ന സമയത്ത് വിവാദമായ ഒരു കേസിൽ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ എങ്ങനെ അറസ്റ്റുണ്ടെന്നായിരുന്നു ഡിജിപിയുടെ ചോദ്യം. തുടർന്ന് സിഐമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലും അറസ്റ്റിനെ ഡിജിപി വിമർശിച്ചു. 

ജനങ്ങളിൽ നിന്നും പൊലീസിനെ അകറ്റുന്ന നടപടിയെന്നാണ് വിവിധ പൊലീസ് സംഘടനകളുടെ പൊതുവികാരം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ പിന്നാലെയാണ് പിണറായി വിജയൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. അറസ്റ്റ്  നിയമപരായ നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ദരുടെയും അഭിപ്രായം. ആറുമാസത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന വകുപ്പിൽ മജിസ്ട്രേറ്റിന്റെ വാറണ്ടു പോലമില്ലാതെയായിരുന്നു അറസ്റ്റ്
 

click me!