
ദില്ലി: പ്രധാനമന്ത്രി മോദിയുടെ നേർക്ക് അതിരൂക്ഷപരിഹാസവുമായി ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. മോദി വളരെ മിടുക്കനായ കച്ചവടക്കാരനാണെന്നും തന്റെ ഭരണകാലത്ത് കഷണ്ടിയിൽ മുടി വളരുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് ചീപ്പ് വിൽക്കാൻ വന്നയാളാണെന്നും തേജസ്വി യാദവ് പരിഹസിക്കുന്നു. പട്നയിൽ രാഹുൽ ഗാന്ധി സംഘടിപ്പിച്ച മെഗാറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
2014 ലാണ് കഷണ്ടിക്കാരായ ജനങ്ങൾക്ക് ചീപ്പ് വിൽക്കാൻ മോദി വന്നത്. എന്നാൽ മുടിയില്ലാത്ത തങ്ങൾ ചീപ്പ് കൊണ്ടെന്ത് ചെയ്യുമെന്ന് ജനങ്ങൾ ചോദിച്ചു. ഇപ്പോൾ നിങ്ങൾ ചീപ്പ് വാങ്ങൂ, പിന്നീട് മുടി വളരാൻ സഹായിക്കാം എന്നായിരുന്നു മോദിയുടെ മറുപടിയെന്ന് തേജസ്വി യാദവ് പറഞ്ഞു. ബീഹാറിലെ ജനങ്ങൾക്ക് മോദിയുടെ തനിനിറം കാണിച്ചു കൊടുക്കാൻ വേണ്ടി രാഹുൽ ഗാന്ധി റാലി നടത്തിയതിൽ താൻ സന്തോഷവാനാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ചിരിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ വിവിധ പാർട്ടിയിൽ ഉൾപ്പെട്ടവരാണെങ്കിലും സൂചിയെപ്പോലെ ഒന്നിച്ച് നിന്ന് വിവിധ ചരടുകൾ കൊണ്ട് ഈ രാജ്യത്തെ ഒന്നിച്ച് തുന്നിച്ചേർക്കുമെന്നായിരുന്നു യാദവിന്റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam