അസ്താന-അലോക് കുമാര്‍ പോരിനും കാരണക്കാരന്‍ രാജീവ് കുമാര്‍ ഐപിഎസ് ?

By Web TeamFirst Published Feb 3, 2019, 10:36 PM IST
Highlights

ശാരദ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകൾ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന രാജീവ് കുമാറാണ്. സിബിഐ മുന്‍ ഡയറക്ടര്‍ അലോക് കുമാറും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു.

ദില്ലി: 1989 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2016ലാണ് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാർ. 

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് കുമാറും മുന്‍  സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു

ശാരദ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകൾ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. ഈ ടീമിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന രാജീവ് കുമാറാണ്. എന്നാല്‍ 2014 ല്‍ സുപ്രീംകോടതി ബംഗാള്‍ പോലീസിന്‍റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് കൈമാറി. അന്വേഷണത്തിന് ചുമതല വഹിച്ചത് അടുത്തിടെ സിബിഐയില്‍നിന്ന് പുറത്താക്കിയ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും. 

സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിനിടെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നായിരന്നു അസ്താനയുടെ ആരോപണം.പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടായായിരുന്നു ഇതെന്നും അസ്താന ഫയലില്‍കുറിച്ചു. തുടര്‍ന്ന് രാജീവ് കുമാർ, ഐജി വിനീത കുമാര്‍ ഗോയല്‍, എസ്പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു.

എന്നാല്‍ ഇതിനെതിരെ രാജീവ് കുമാര്‍, അന്ന് സിബിഐ ഡയറ്കടറായിരുന്ന അലോക് കുമാറിന് പരാതി നൽകുകയാണ് ചെയ്തത്. തുടർന്ന് കൊല്‍ക്കത്തിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ നിന്ന് പിന്‍മാറാന്‍ അലോക് കുമാര്‍ ,അസ്താനക്ക് നിര്‍ദ്ദേശം നല്കി. ഇത് അംഗീകരിക്കാൻ അസ്താന വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോരു മുറുകന്നതും. 
ഇതിന് പുറമേ മറ്റ് വിഷയങ്ങളിലും പരസ്യ തര്‍ക്കം തുടങ്ങിയതോടെ കേന്ദ്ര സർക്കാർ ഇരുവരേയും സിബഐയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.

click me!